തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുക മാര്‍ച്ച് മാസത്തില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനൊപ്പമാണ് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ചെലവ്.
പെന്‍ഷനുളള അര്‍ഹത പരിശോധിക്കുന്നത് പെന്‍ഷന്‍ നിഷേധിക്കാന്‍ വേണ്ടിയാണെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കില്ല. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്.സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതെ നിലവിലെ ഗുണഭോക്താക്കള്‍ക്കെല്ലാം അടുത്ത ഗഡു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതാണ്.