മുംബൈ: മറുകണ്ടം ചാടി ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച അജിത് പവാറിനു വേണ്ടി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ അറിയിച്ചു. ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത എന്‍സിപിയുടെ അഞ്ച് എംഎല്‍എമാരെയും പാര്‍ട്ടിയിലേക്ക് തിരികെ ക്ഷണിക്കുകയാണ്. ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും എന്‍സിപിയുടെ പുതിയ നിയമസഭാകക്ഷി നേതാവായ ജയന്ത് പാട്ടീല്‍ പറഞ്ഞു.
അജിത് പവാര്‍ മറുകണ്ടംചാടിയതോടെയാണ് ജയന്ത് പാട്ടീലിനെ നിയമസഭാകക്ഷി നേതാവായി എന്‍സിപി തെരഞ്ഞെടുത്തത്. ഫഡ്നാവിസ് മന്ത്രിസഭയ്ക്ക് വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. എന്‍സിപിയുടെ എല്ലാ എംഎല്‍എമാരും തങ്ങളോടൊപ്പമുണ്ട്, തങ്ങളെ ബന്ധപ്പെടാത്ത ശേഷിക്കുന്ന അഞ്ച് എംഎല്‍എമാരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു- ജയന്ത് പാട്ടീല്‍ പറഞ്ഞു.
അജിത് എന്തുകൊണ്ടാണ് ബിജെപിയെ പിന്തുണച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അജിതുമായി സംസാരിക്കാന്‍ മൂന്നു നേതാക്കളെ ശരത് പവാര്‍ അയച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.