ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികൾ സർക്കാർ ഉപേക്ഷിക്കില്ല- മുഖ്യമന്ത്രി

16

തിരുവനന്തപുരം : ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികൾ ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീടില്ലാത്തവർക്ക് വാസസ്ഥലം ഒരുക്കി നൽകാനും മികച്ച ജീവിത സാഹചര്യം ഒരുക്കാനുമാണ് സർക്കാർ പ്രവർത്തിക്കുന്നത്. എന്നാൽ ഇങ്ങനെ നേട്ടങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവർ ഇതിനെ അപഹസിക്കാനും ഇടിച്ചുതാഴ്ത്താനും ശ്രമിക്കുകയാണ്. വികസന പദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

1285 കുടുംബങ്ങൾക്ക് പുതിയ ഭവനസമുച്ചയങ്ങൾ പൂർത്തിയാകുമ്പോൾ വീടെന്ന സ്വപ്നം യാഥാർഥ്യമാകും. വെറും വീടല്ല, താമസക്കാർക്ക് പുതു ജീവിതമാണ് പ്രദാനം ചെയ്യുന്നത്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയാത്ത നിരവധി ഹതഭാഗ്യരുണ്ട്. വീടില്ലാത്ത ആരുമുണ്ടാകരുത് എന്ന് കരുതിയാണ് ലൈഫ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുവന്നത്. ഇക്കാര്യത്തിൽ നല്ല ഫലമുണ്ടായതിനാലാണ് 2,26,518 വീടുകൾ ഇതിനകം യാഥാർഥ്യമായത്. നല്ല സഹകരണം ജനങ്ങളിൽനിന്നുണ്ടായി. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളും മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചു. ഇപ്പോൾ ഒന്നരലക്ഷത്തോളം പേർക്കുള്ള ഭവനനിർമാണം പുരോഗമിക്കുകയാണ്.

സഹകരണ വകുപ്പും ഭവനനിർമാണത്തോട് സഹകരിച്ചതിന്റെ ഭാഗമായാണ് കെയർ ഹോം പദ്ധതി നടപ്പാക്കിയത്. പട്ടികജാതി, പട്ടികവർഗ വകുപ്പും ഫിഷറീസ് വകുപ്പും വീടുകൾ പൂർത്തിയാക്കാൻ നല്ലതായി ഇടപെട്ടു. അങ്ങനെയാണ് ആകെ 8068 കോടിയുടെ വീട് നിർമാണം നമ്മുടെ നാട്ടിൽ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞത്.
സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരുടെ പുനരധിവാസം ലക്ഷ്യമിടുന്ന ലൈഫിന്റെ മൂന്നാംഘട്ടത്തിൽ 1,35,769 ഗുണഭോക്താക്കളെയാണ് അർഹരായി കണ്ടെത്തിയിട്ടുള്ളത്. അവരിൽ 1765 കുടുംബങ്ങൾക്കുള്ള വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇടുക്കി അടിമാലിയിൽ 217 അപ്പാർട്ട്മെൻറുകളുള്ള ഭവനസമുച്ചയം പൈലറ്റടിസ്ഥാനത്തിൽ നിർമിച്ച് അടിമാലി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. അവിടെ 163 ഗുണഭോക്താക്കളാണ് താമസിക്കുന്നത്. മാത്രമല്ല, പ്രൈമറി ഹെൽത്ത് സെൻറർ, അങ്കണവാടി, താമസക്കാർക്ക് ജീവനോപാധി സൗകര്യങ്ങൾ ഒക്കെ ആ സമുച്ചയത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള മാതൃകയിൽ വിവിധ ജില്ലകളിൽ 101 ഭവനസമുച്ചയങ്ങളുടെ നിർമാണം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ 12 ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം വേഗത്തിൽ പുരോഗമിക്കുകയാണ്.

ലൈഫിന്റെ അപേക്ഷ സുതാര്യമായാണ് ക്ഷണിച്ചതും നടപടിക്കുറിപ്പുകളും പൂർത്തിയാക്കിയതും. എന്നാൽ ലൈഫിന്റെ മൂന്നുഘട്ടങ്ങളിലും ഉൾപ്പെടാതെ പോയവരെ സംരക്ഷിക്കാനാണ് സർക്കാർ വീണ്ടും ഒരു അവസരം നൽകുന്നതിന് തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകിയത്. ഇതുവഴി എട്ടുലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ സുതാര്യമായി ഗുണഭോക്തൃപട്ടിക തയാറാക്കി അർഹർക്ക് വീടുവെച്ചുനൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് ലക്ഷ്യമിട്ട എല്ലാ വികസന പദ്ധതികളും കോവിഡ് പ്രതിസന്ധികൾക്കിടയിലും തടസം കൂടാതെ പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങൾക്കിടയിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ഖരമാലിന്യ മാനേജ്മെൻറ് പദ്ധതിയും കൃത്യമായി നടപ്പാക്കും. വികസനത്തിലും സേവനത്തിലും ഒട്ടും പിറകിൽനിൽക്കാതെ മുന്നേറുകയാണ് ലക്ഷ്യം. എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ചടങ്ങിൽ മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് സംബന്ധിച്ചു. വിവിധ ജില്ലകളിൽ മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവർ നിർമാണ ഉദ്ഘാടന ചടങ്ങുകളിൽ സംബന്ധിച്ചു.

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ ഗ്രാമപഞ്ചായത്ത്, പയ്യന്നൂർ മുനിസിപ്പാലിറ്റി, കണ്ണപുരം ഗ്രാമപഞ്ചായത്ത്, ആന്തൂർ മുനിസിപ്പാലിറ്റി, വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്ത്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ആലംകോട് ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയിലെ കൊടുമ്പ് ഗ്രാമപഞ്ചായത്ത്,

തൃശ്ശൂർ ജില്ലയിലെ കാറളം ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത്, കരുമാലൂർ ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്, വാത്തുക്കുടി ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിലെ മിഠായിക്കുന്നിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, വിജയപുരം ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്, നടുവട്ടം പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ ഏനാത്ത് ഏഴംകുളം ഗ്രാമപഞ്ചായത്ത്, പന്തളം മുനിസിപ്പാലിറ്റി,

കൊല്ലം ജില്ലയിലെ പുതുശ്ശേരിമുകൾ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്, തഴമേൽ അഞ്ചൽ ഗ്രാമപഞ്ചായത്ത്, കൊല്ലം കോർപ്പറേഷനിലെ മുണ്ടയ്ക്കൽ, തിരുവനന്തപുരം ജില്ലയിലെ മടവൂർ ഗ്രാമപഞ്ചായത്ത്, അഴൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് പുത്തൻ ഭവന സമുച്ചയങ്ങൾക്ക് തറക്കല്ലിട്ടത്.

സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ നയവുമായി ചേർന്നുനിൽക്കുന്ന രീതിയിലായിരിക്കും ഇവ നിർമിക്കുക. പ്രളയവും ഉരുൾപൊട്ടലും ആവർത്തിക്കുന്ന കേരളത്തിലെ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് കെട്ടിടനിർമ്മാണ രീതിയിൽ ഒരു പൊളിച്ചെഴുത്തിനാണ് ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടനിർമ്മാണത്തിലൂടെ സർക്കാർ തുടക്കമിട്ടിരിക്കുന്നത്. കോൺക്രീറ്റ് നിർമ്മാണ രീതിയോടൊപ്പം തന്നെ പ്രീഫാബ് സാങ്കേതിക വിദ്യയും ഈ നിർമ്മാണങ്ങളിൽ പ്രയോജനപ്പെടുത്തും.

NO COMMENTS