കണ്ണൂര്‍ : ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു , ഒന്നോ രണ്ടോ ദിവസം ഇനിയും എണ്ണം കൂടിയേക്കാം. അതുകഴിഞ്ഞാല്‍ ഗ്രാഫ് താഴേക്ക് പോകും. നാടാകെ ആശങ്കപ്പെടുമ്പോഴും കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജനങ്ങളുടെ ആശങ്ക മാറ്റാനുള്ളതല്ല ഈ ആശ്വാസവാക്കുകള്‍, കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചാണ് കാര്യങ്ങള്‍ മാറിവരുമെന്ന് അദ്ദേഹം പറയുന്നത്.
വിദേശത്തുനിന്നുവന്ന് 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാകാത്ത മുഴുവന്‍ പേരുടെയും സ്രവം രോഗലക്ഷണമില്ലെങ്കിലും പരിശോധിക്കണമെന്ന നിര്‍ണായക തീരുമാനമാണ് ജില്ലയില്‍ പുതിയ രോഗികളെ കണ്ടെത്താന്‍ സഹായിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 14 ദിവസം മാത്രം നിരീക്ഷണത്തിലാക്കാനായിരുന്നു നിലവിലുണ്ടായിരുന്ന മാര്‍ഗനിര്‍ദേശം. ഈ വിഭാഗത്തില്‍പ്പെട്ട 529 പേരുടെ സാമ്ബിളാണ് പരിശോധിച്ചത്. ചൊവ്വാഴ്ചവരെ 315 പേരുടെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ മുപ്പതും പോസിറ്റീവാണ്.
കണ്ണുതുറപ്പിച്ചത് പതിനൊന്നുകാരന്‍ ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ തന്നെകഴിഞ്ഞ എണ്‍പത്തൊന്നുകാരന് കോവിഡ് ബാധിച്ചതാണ് എല്ലാവരെയും പരിശോധിക്കന്‍ പ്രേരിപ്പിച്ചത്. ആരില്‍നിന്ന് രോഗം പകര്‍ന്നെന്ന അന്വേഷണം എത്തിയത് ഷാര്‍ജയില്‍നിന്നെത്തിയ പതിനൊന്നുകാരനില്‍. നാട്ടിലെത്തി 24 ദിവസം കഴിഞ്ഞിരുന്ന ഈ കുട്ടിയുടെ സ്രവം നിര്‍ബന്ധപൂര്‍വം പരിശോധിച്ചപ്പോള്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ വീട്ടിലെ മറ്റ് എട്ടുപേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
പ്രകടമായി രോഗലക്ഷണങ്ങളില്ലെങ്കിലും വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ക്യാന്‍സര്‍–- ഹൃദ്രോഗംപോലുള്ള രോഗമുള്ളവര്‍ എന്നിവരിലേക്ക് കോവിഡ് പടര്‍ത്താന്‍ ഇവര്‍ക്ക് കഴിയുമെന്ന് കണ്ടെത്തി. ഇതനുസരിച്ചാണ് വിദേശത്തുനിന്ന് വന്ന് 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാകാത്ത എല്ലാവരെയും അവരുമായി പ്രാഥമിക സമ്ബര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താന്‍ നടപടി തുടങ്ങിയത്.
സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് 22 പേര്‍ക്കു മാത്രമാണ്. ഇതത്രയും നാലുകുടുംബങ്ങളിലുള്ളവരാണ്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഗൗനിക്കാത്തതിന്റെ ഫലമാണിത്.