കൊച്ചി : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് എതിരെയുണ്ടായ ഹര്‍ത്താലിലെ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് കുന്നംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തൃശൂര്‍ പെരുമ്ബിലാവ് സ്വദേശി ശങ്കരനാരായണന്‍ ഉള്‍പ്പെടെ 24 പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. ഇവര്‍ ഹര്‍ത്താല്‍ദിവസം നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് റോഡ് തടഞ്ഞെന്നും കടകള്‍ അടപ്പിച്ചെന്നുമാണ് കേസ്. സംഘര്‍ഷസാഹചര്യം ഒഴിവാക്കാനെത്തിയ തങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. കേസിന്റെ വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.
പത്തുദിവസത്തിനകം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരായി ചോദ്യം ചെയ്യലിന് വിധേയമാകണം. അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കി ഓരോ പ്രതിക്കും 40,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നല്‍കണം. പ്രതികള്‍ 15 ദിവസത്തിനകം 3000 രൂപവീതം മജിസ്ട്രേട്ട് കോടതിയില്‍ കെട്ടിവയ‌്ക്കണം. മൂന്നുമാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും വ്യവസ്ഥ ചെയ്തു.