കൊച്ചി∙കേസിന്റെ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടി.
പുട്ടുസ്വാമി കേസില്‍ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീം കോടതി വിധിയും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് കോടതി എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക ഒരാഴ്ചയ്ക്കകം ലഭ്യമാക്കാന്‍ ഹൈക്കോടതി രജിസ്ട്രാറോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കുന്നതിനായി സംസ്ഥാനത്തു മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതു ഗുരുതരമായ സാഹചര്യമാണ്. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്കു കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. നിര്‍ഭയമായി ഇരകള്‍ക്കു മൊഴി നല്‍കാന്‍ സാധിക്കുന്നില്ല.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്കു മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി വിലയിരുത്തി.