കൊച്ചി : ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഭാഗമായി വിദ്യാർത്ഥി സ്കോളര്ഷിപ്പ് നല്കുന്നതിന് 80:20 എന്ന മുസ്ലീം – ക്രിസ്ത്യന് അനുപാതം സ്വീകരിച്ച സര്ക്കാര് നടപടി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില് യുഡിഎഫ് സര്ക്കാര് 2015ല് പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാര്, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സര്ക്കാര് ഉത്തരവ് വിവേചനപരമാണന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ അഭിഭാഷകനായ ജസ്റ്റിന് പള്ളിവാതുക്കലാണ് കോടതിയെ സമീപിച്ചത്.ജനസംഖ്യ പരിശോധിച്ച് ആനുപാതികമായി ആനുകൂല്യം പുതുക്കാന് കോടതി നിര്ദേശിച്ചു. മുസ്ലിം, ലത്തീന് കത്തോലിക്കര്, പരിവര്ത്തിത ക്രൈസ്തവര് തുടങ്ങിയ കേന്ദ്ര പട്ടിക പ്രകാരമുള്ള ന്യൂനപക്ഷ ങ്ങള്ക്ക് ഒരു പോലെയാവണം ആനുകൂല്യങ്ങള് നല്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണന്നും കോടതി നിരീക്ഷിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങള്ക്കുള്ള ആനുകൂല്യങ്ങളില് 80 ശതമാനം മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്ക്കും എന്നതായിരുന്നു നിലവിലെ അനുപാതം.