ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണസാധ്യതകൾ ചർച്ചചെയ്യാൻ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഐബിഎം കമ്പനി യുടെ മുതിർന്ന ഉദ്യോഗസ്ഥർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി.
മസ്തിഷ്‌ക ചോർച്ച ലഘൂകരിച്ച്, സർക്കാർ ലക്ഷ്യമിടുന്ന ‘ബ്രെയിൻ ഗെയിൻ’ നേടുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. വ്യവസായവും അക്കാദമിക് പ്രവർത്തനങ്ങളും പരസ്പരം കൈകോർക്കുന്ന വിധത്തിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ പരിവർത്തിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മുൻകൈ വളരെ ഗുണപരമായി കാണുന്നുവെന്ന് ഐബിഎം സംഘം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നൈപുണ്യ വികസനമേഖലയ്ക്ക് സവിശേഷ ശ്രദ്ധകൊടുത്തു പ്രവർത്തിക്കുന്ന ‘അസാപ്’, ‘ബ്രെയിൻ ഗെയിൻ’ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ തുടങ്ങിയ ഏജൻസികളെക്കൂടി പങ്കെടുപ്പിച്ച് തുടർചർച്ചകൾ നടത്താൻ മന്ത്രി നിർദ്ദേശിച്ചു.
ഐബിഎം ഓട്ടോമേഷൻ ജനറൽ മാനേജർ ദിനേശ് നിർമ്മലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഐബിഎം സോഫ്റ്റ്‌വെയർ ലാബ് വൈസ് പ്രസിഡന്റ് ഗൗരവ് ശർമ്മ, സോഫ്റ്റ്‌വെയർ ലാബ് ട്രാൻസ്ഫർമേഷൻ ലീഡർ ചാർലി കുര്യൻ, ഓട്ടോമേഷൻ ഡയറക്ടർ വിശാൽ ചഹാൽ, ഗവർമെന്റ് & റെഗുലേറ്ററി അഫയേഴ്സ് എക്‌സിക്യുട്ടീവ് ഗൗരവ് മഹാജൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.