ഇടുക്കി പദ്ധതി വൈദ്യുതോല്‍പ്പാദനത്തില്‍ പതിനായിരം കോടി യൂണിറ്റിലെത്തി ചരിത്രം കുറിച്ചു.

76

മൂലമറ്റം: ഇടുക്കി മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റില്‍ എത്തി ചരിത്രം കുറിച്ചു. 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതി 44 വര്‍ഷം കൊണ്ടാണീ നേട്ടം കൈവരിച്ചത്. ഇതോടെ ഇടുക്കി പദ്ധതി രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി പദ്ധതിയായി മാറി

ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 1975ലും 1986 ലും രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ജനറേറ്ററുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പവര്‍ ഹൗസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നാടുകാണി മലയുടെ സമീപത്തുള്ള ബട്ടര്‍ഫ്ളൈ വാല്‍വുകള്‍ വഴി ഭൂമിക്ക് അടിയില്‍ സ്ഥാപിച്ചിരിക്കുന്ന പെന്‍സ്റ്റോക്കുകളിലൂടെ മൂലമറ്റം വൈദ്യുതി നിലയത്തി ലെത്തും. തുടര്‍ന്ന് സ്‌ഫെറിക്കല്‍ വാല്‍വ് വഴി കടത്തിവിടുന്ന വെള്ളം ജനറേറ്ററുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനുകള്‍ കറക്കും. ഇങ്ങനെയാണ് നിലയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

മൂന്ന് വീതം ജനറേറ്റുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് രണ്ട് തവണ സമാന്തരമായി പാറ തുരന്നിട്ടുണ്ട്. കുളമാവ് മുതല്‍ മൂലമറ്റം വരെയുള്ള തുരങ്കവും വൈദ്യുതി നിലയവും പൂര്‍ണമായി ഭൂമിക്കുള്ളില്‍ പാറ തുരന്നുണ്ടാക്കി യതാണ്. ഇതിനായി കുളമാവില്‍ നിന്ന് 1.5 കിലോ മീറ്റര്‍ ദൂരം പാറ തുരന്നിട്ടുണ്ട്. ഭൂമിക്കടിയിലൂടെയെത്തുന്ന വെള്ളം ഏകദേശം 669.2 മിറ്റര്‍ (2195 അടി) ഉയരത്തില്‍ നിന്നും ആറ് ടര്‍ബൈനുകളിലേക്കു വീഴിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ഒരോ ടര്‍ബൈനുകളുടേയും ക്ഷമത 130 മെഗാവാട്ടാണ്. ആകെ 780 മെഗാവാട്ടാണിവിടത്തെ ഉദ്പാദന ക്ഷമത. എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 18 ദശ ലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഇവിടെ ഉദ്പാദിപ്പിക്കാം. ആവകശ്യത അനുസരിച്ച്‌ മൂലമറ്റം പവര്‍ഹൗസിലെ ഉല്‍പാദനം ക്രമീകരിക്കും.

എഞ്ചിനീയര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ നിരവധി ജീവനക്കാരാണ് മുഴുവന്‍ സമയവും ഇവിടെ ജോലി ചെയ്യുന്നത്. അപകട സാധ്യത കൂടിയ ഗണത്തില്‍ വരുന്നതിനാല്‍ ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷിഫ്റ്റുകളായി ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഭൂമിക്കടിയിലെ കുറഞ്ഞ ഓക്‌സിജന്‍ അളവില്‍ ഓരോ നിമിഷവും അപകടം മുന്നില്‍ കണ്ടാണ് ഇവരുടെ ജോലി.

ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായ ഇവിടെ 2011ലെ പൊട്ടിത്തെറിയില്‍ വനിതയടക്കം രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ചിട്ടുണ്ട്. അതീവ ദുഷ്‌കരമായ ജോലിക്കിടയിലും ചരിത്രനേട്ടം യാതാര്‍ഥ്യമാക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ ജീവനക്കാര്‍.ഹൈ ഹെഡ് പവര്‍ സ്റ്റേഷന്‍ ആയതിനാല്‍ പെല്‍റ്റണ്‍ ടര്‍ബൈനാണ് മൂലമറ്റത്ത് ഉപയോഗിച്ചിരിക്കുന്നത്.

പദ്ധതിയുടെ ആരംഭ കാലത്ത് പതിനായിരത്തിലധികം ആളുകള്‍ പണിയെടുത്തതായാണ് കണക്കുകള്‍. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളെ ഒരുമിപ്പിച്ചുള്ള ഇടുക്കി ജല സംഭരണിയാണ് ഊര്‍ജോല്‍പാദന ത്തിന്റെ സ്രോതസ്. കുതിരലാടത്തിന്റെ ആകൃതിയിലാണ് മൂലമറ്റം വൈദ്യുതി നിലയം പണിതിരിക്കുന്നത്. പ്രദേശത്തി ന്റെയും ഭൂപ്രകൃതിയുടെയും പ്രത്യേകത പരിഗണിച്ച്‌ ഭൂമിയുടെ അടിയിലാണ് വൈദ്യുതി നിലയം. വിസ്തൃതി ഏറിയ പാറയ്ക്കുള്ളില്‍ തുരന്നെടുത്ത 7 നിലകളായാണ് വൈദുതി നിലയം.

NO COMMENTS