തിരുവനന്തപുരം : പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുത്തൻകട ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെയും സ്തനരോഗ നിർണയ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം സി. കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ളത് കേരളത്തിലാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു.
അലോപ്പതിയോടൊപ്പം ആയുർവേദത്തിനും പരിഗണന നൽകുന്നതാണ് സംസ്ഥാന സർക്കാരിന്റെ ആരോഗ്യ മേഖല യിലെ നയമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ നീതി മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനാരംഭത്തോടുകൂടി സാധാരണക്കാരായ രോഗികൾക്ക് 10-40% വരെ വിലക്കുറവിൽ വിവിധ മരുന്നുകൾ ലഭിക്കും. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.റോബർട്ട്രാജ് വിഷയാവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെൻഡാർവിൻ നീതി മെഡിക്കൽ സ്റ്റോറിലെ ആദ്യവില്പന നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ. പി.സിന്ധു റാണിയുടെയും മറ്റ് നാല് സ്ത്രീ-രോഗ വിദഗ്ദ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിലായിരുന്നു സ്തന രോഗ നിർണയ മെഡിക്കൽ ക്യാമ്പ് നടന്നത്.