കേരളത്തിൽ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടതായി മന്ത്രി പി. രാജീവ്

33

കേരളത്തിൽ വ്യവസായ നിക്ഷേപത്തിനുള്ള അനുകൂലമായ സാഹചര്യം ശക്തിപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന വ്യവസായ സംരംഭകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം ഉടൻ നടപ്പാക്കു മെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് നടപ്പാക്കുന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് പുതുതായി നടപ്പാക്കുന്ന പരാതി പരിഹാര സംവിധാനം ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഒരു വർഷം ഒരു ലക്ഷം സംരംഭകരെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 17,000 നു മുകളിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. ഇത്തവണയും വലിയ രീതിയിൽ വ്യവസായ സംരംഭങ്ങൾ വരുന്നുണ്ട്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് അതിവേഗ പരിഹാരത്തിനായാണ് സ്റ്റാറ്റിയൂട്ടറി ഗ്രീവൻസ് അഡ്രസ് മെക്കാനിസം രൂപീകരിച്ചത്. പുതിയ സംവിധാനത്തിൽ പരാതി നൽകിയാൽ നിശ്ചിത ദിവസത്തിനകം ഉറപ്പായും തീരുമാനമുണ്ടാകും.

സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും ബാധകമാകത്തക്കവിധമുള്ള സ്റ്റാറ്റിയൂട്ടറി അധികാരത്തോടെയാണു പുതിയ സംവിധാന ത്തിന്റെ പ്രവർത്തനം. ഇവിടെനിന്നുള്ള തീരുമാനങ്ങൾ ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പാക്കണം. 16 ദിവസമായാൽ 250 രൂപ പിഴ ഈടാക്കും. ഈ രീതിയിൽ 10,000 രൂപ വരെ പിഴ ഇടാക്കാൻ അധികാരമുള്ള സംവിധാനമാണിത്. ഇത് വ്യവസായ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തു മെച്ചപ്പെട്ട വ്യവസായ അനുകൂല സംസ്ഥാനമാണു കേരളമെന്നു മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ ചൂണ്ടിക്കാട്ടി. മികച്ച തൊഴിലുടമാ – തൊഴിലാളി ബന്ധം കേരളത്തിലുണ്ട്. സംസ്ഥാനത്ത് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡയറക്ടർ എസ്. ഹരികിഷോർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.എസ്.എസ്.ഐ.എ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ. ഫസലുദ്ദീൻ, എഫ്.ഐ.സി.സി.എ. സ്റ്റേറ്റ് കൗൺസിൽ കോ-ചെയർ എം.ഐ. സഹദുള്ള, പി. ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS