കണ്ണൂർ : പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ ആസൂത്രിതമായ ആർഎസ്‌എസ് പങ്കാളിത്തം കൂടുതൽവ്യക്തമാകുകയാണെന്നും 14ന് ആർഎസ്‌എസ് മുഖ്യശിക്ഷകിന്റെ നേതൃത്വത്തിൽ ഹരിദാസന്റെ വധിക്കാൻ ശ്രമിച്ചിരുന്നെന്ന് പിടിക്കപ്പെട്ടവർ മൊഴിനൽകിയിട്ടുണ്ടെന്നും ഹരിദാസനെ എങ്ങനെയായാലും കൊല്ലുമെന്നതിന്റെ തെളിവാണ് ഒന്നിലേറെത്തവണയുള്ള വധശ്രമമെന്നും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാംതവണ രണ്ട് സ്ഥലങ്ങളിൽ കൊലയാളിസംഘത്തെ ഒരുക്കിനിർത്തിയിരുന്നു. ഇതിനുപിന്നിലുള്ള ഗൂഢാലോചന പൊലീസ് അനേഷിച്ച് കണ്ടെത്തണം. ആയുധപരിശീലന ക്യാമ്പിലായിരുന്നു ഗൂഢാലോചന. കേസിൽ പിടിയിലായവരിൽ പരിശീലനത്തിൽ പങ്കെടുത്തവരുമുണ്ട്.
ഡിസംബർ 25 മുതൽ ജനുവരി രണ്ടുവരെ കോടിയേരി നങ്ങാറത്തുപീടിക ടാഗോർ സ്‌കൂളിൽ നടന്ന പഠനശിബിരത്തിൽ ആരെല്ലാം പങ്കെടുത്തുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് വെളിപ്പെടുത്തണം. ശിബിരം വ്യക്തിത്വ വികസനത്തിനു വേണ്ടിയാണെന്നും മാധ്യമപ്രവർത്തകർക്കടക്കം പങ്കെടുക്കാൻ പറ്റുന്നതാണെന്നും ചാനൽച്ചർച്ചയിൽ പറഞ്ഞതും ജയരാജൻ ചൂണ്ടിക്കാട്ടി.