കൊല്ലം : വീടുകയറിയുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ച കേസില്‍ പ്രതിയായ ജയില്‍ വാര്‍ഡറെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്‌തു. ജില്ലാ ജയിലിലെ അസി. പ്രിസണ്‍സ് ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതാണ് (30) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തേവലക്കര അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണ പിള്ള – രജനി ദമ്ബതികളുടെ മകന്‍ രഞ്ജിത്താണ് (17) വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ വിനീതിന്റെ ബന്ധുക്കളായ മൂന്നുപേര്‍ കൂടി പങ്കാളികളാണെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല.
തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇത് വ്യക്തമാവുകയുള്ളൂ. ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ അരിനല്ലൂര്‍ സ്വദേശിയായ പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയെ രഞ്ജിത്ത് ശല്യം ചെയ്‌തെന്ന് ആരോപണമുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിക്കാനാണ് അന്ന് രാത്രി 11 ന് വിനീതും പെണ്‍കുട്ടിയുടെ പിതാവും അടങ്ങുന്ന നാലംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലെത്തിയത്. ഇവിടെവച്ച് വിനീതിന്റെ മര്‍ദ്ദനമേറ്റ രഞ്ജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
നേരത്തേ അപസ്മാരത്തിന് ചികിത്സ നടത്തിയിരുന്നതിനാല്‍ അസ്വസ്ഥതകളുമുണ്ടായി. വിവിധ ആശുപത്രികളിലെത്തിച്ച രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം
രഞ്ജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രഞ്ജിത്തിന്റെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധിച്ചത്. പൊലീസും നേതാക്കളുമായി ചര്‍ച്ച നടത്തിയിതിനെ തുടര്‍ന്നാണ് മൃതദേഹം രഞ്ജിത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയടക്കമുള്ളവര്‍ പങ്കെടുത്തു.