കേരള വനം വകുപ്പ് കായിക മേളയ്ക്ക് 15ന് തുടക്കമാകും

8

ഇരുപത്തി എട്ടാമത് കേരളം വനം വകുപ്പ് കായിക മേള നവംബർ 15,16,17 തീയതികളിൽ കോട്ടയത്ത് നടക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കായികമേളയുടെ ഔപചാരിക ഉദ്ഘാടനം 16നു രാവിലെ എട്ടിന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി നിർവ്വഹിക്കും. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പിമാരായ തോമസ് ചാഴിക്കാടൻ, ജോസ് കെ. മാണി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പാലാ മുൻസിപ്പൽ സ്റ്റേഡിയം, പാലാ സെന്റ് തോമസ് കോളേജ്, പാലാ അൽഫോൺസ് കോളേജ്, കോട്ടയം സി.എം.എസ് കോളേജ്, റൈഫിൾ ക്ലബ് മുട്ടം, മാന്നാനം കെ. ഇ കോളേജ് എന്നിവിടങ്ങളിലാണ് കായികമേള നടക്കുക.കേരള വനം-വന്യജീവി വകുപ്പിന് കീഴിലുള്ള അഞ്ച് സർക്കിളുകൾ, കെ.എഫ്.ഡി.സി., കെ.എഫ്.ആർ.ഐ, ബി.എഫ്.ഒ ട്രെയിനീസ് ടീം കെ.ഇ.പി.എ (കെപ്പ) ഉൾപ്പെടെ എട്ട് ടീമുകളാണ് കായികമേളയിൽ മാറ്റുരയ്ക്കുന്നത്.

ആയിരത്തോളം പുരുഷ-വനിതാ കായികതാരങ്ങളുൾപ്പെടെ 1500ലേറെ ഉദ്യോഗസ്ഥർ പങ്കെടുക്കും. അത്‌ലറ്റിക് വിഭാഗത്തിൽ 85ഉം ഗെയിംസ് വിഭാഗത്തിലെ 147ഉം ഉൾപ്പെടെ 232 ഇനങ്ങളിലാണ് മത്സരങ്ങൾ. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വ്യക്തിഗത എവറോളിംഗ് ട്രോഫികളും നൽകും.

വനംകായികമേളയുടെ സമാപന സമ്മേളനം നവംബർ17ന് വൈകിട്ട് നാലിന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. ഈ മേളയിലെ വിവിധയിനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 2024 ജനുവരിയിൽ നടക്കുന്ന ദേശീയ വനം കായികമേളയിൽ കേരളാ വനം-വന്യജീവി വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.

കായികമേളയുടെ ലോഗോയുടെയും ഭാഗ്യമുദ്രയുടെയും തീംസോങ്ങിന്റെയും പ്രകാശനവും മന്ത്രി നിർവഹിച്ചു. ‘മംഗള’ എന്ന് പേരായ പെൺ കടുവക്കുട്ടിയാണ് മേളയുടെ ഭാഗ്യമുദ്ര. 2020ൽ പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്ര പരിസരത്ത് അമ്മക്കടുവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി വനംവകുപ്പ് പരിപാലിച്ചെടുത്ത കടുവക്കുട്ടിയാണ് മംഗള.

‘കാടകം കുളിർന്ന് ഉയർന്ന് കാണണം’ എന്ന് തുടങ്ങുന്നതാണ് വനം കായികമേളയുടെ തീം സോങ്. റിട്ട. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസറും ഏറ്റുമാനൂർ കാവ്യവേദിയുടെ സ്ഥാപകനുമായ പി. പി നാരായണനാണ് രചന നിർവഹിച്ചത്. വിവേക് ഭൂഷണും മാളവിക പ്രസാദുമാണ് ഗാനം ആലപിച്ചത്. ഉദയറാം ആണ് സംഗീതം നൽകിയത്.

NO COMMENTS

LEAVE A REPLY