കോഴിക്കോട‌് : സംസ്ഥാനത്ത‌് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ക്ക‌് കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന‌് കേരള പ്രവാസിസംഘം അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.കേരളത്തില്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ ഇന്ത്യക്കാകെ മാതൃകയാണ‌്. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ‌് വഴി പെന്‍ഷനും നോര്‍ക്ക വഴി ചികിത്സാ സഹായ പദ്ധതികളും നല്‍കുന്നു. ലോകത്ത‌് ഏറ്റവും കൂടുതല്‍ പ്രവാസികളുടെ പണം വരുന്ന രാജ്യമാണ‌് ഇന്ത്യ. 1979-2001 കാലയളവില്‍ എമിഗ്രേഷന്‍ ഫണ്ടിനത്തില്‍ പിരിച്ചെടുത്ത 24,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലുണ്ട‌്. പാസ‌്പോര്‍ട്ട‌് സേവാ കേന്ദ്രങ്ങള്‍ വഴിയും വന്‍തുക കേന്ദ്രത്തിലെത്തുന്നു. എന്നാല്‍ പ്രവാസി ക്ഷേമത്തിനുവേണ്ടി ഒരുരൂപപോലും ചെലവഴിക്കുന്നില്ല.
കേരളത്തില്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമത്തിന‌് ആനുപാതികമായി തുക അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ടാഗോര്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് പി ടി കുഞ്ഞുമുഹമ്മദ‌് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ റിപ്പോര്‍ട്ടും ട്രഷറര്‍ ബാദുഷ കടലുണ്ടി കണക്കും അവതരിപ്പിച്ചു. എ സി ആനന്ദന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ പ്രദീപ‌്കുമാര്‍ എംഎല്‍എ സ്വാഗതവും ജില്ലാ സെക്രട്ടറി സി വി ഇക‌്ബാല്‍ നന്ദിയും പറഞ്ഞു.
ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച തുടങ്ങി. ആദ്യദിനം എം ജവഹര്‍, പേരോത്ത‌് പ്രകാശന്‍ (കോഴിക്കോട‌്), പ്രകാശന്‍ (വയനാട‌്), ചന്ദ്രമോഹനന്‍ (മലപ്പുറം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി സെയ‌്താലിക്കുട്ടി പ്രമേയം അവതരിപ്പിച്ചു. രാത്രി മെഹ‌്ഫില്‍ സന്ധ്യയും അരങ്ങേറി. ചര്‍ച്ച ഞായറാഴ‌്ച രാവിലെ 10ന‌് പുനരാരംഭിക്കും. വൈകിട്ട‌് നാലിന‌് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ‌്ഘാടനം ചെയ്യും. മന്ത്രിമാരായ ടി പി രാമകൃഷ‌്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സംസാരിക്കും.