രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് മെഡിക്ളെയിം നല്‍കാന്‍ സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു.

194

കൊച്ചി : രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് മെഡിക്ളെയിം നല്‍കാന്‍ സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു. തൃശൂര്‍ സ്വദേശി സജീഷ് ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് എസ്. ജഗദീശ് ചെയര്‍മാനും സി. രാധാകൃഷ്‌ണന്‍, പി.ജി. ഗോപി എന്നിവര്‍ അംഗങ്ങളുമായുള്ള സ്ഥിരം ലോക് അദാലത്ത് വിധി.

പത്ത് വര്‍ഷം മുമ്ബ് ഹര്‍ജിക്കാരന് വൃക്ക മാറ്റിവച്ചപ്പോള്‍ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്ബനി ആനുകൂല്യം നല്‍കിയിരുന്നു. ഇതേ പോളിസിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്‍ പത്തു ലക്ഷം രൂപയുടെ അധിക പരിരക്ഷാ പോളിസിയും എടുത്തിരുന്നു. രണ്ടാമത് വൃക്ക മാറ്റിവച്ചപ്പോള്‍ ക്ളെയിം നല്‍കാന്‍ കമ്ബനി തയ്യാറായില്ല.

ആദ്യത്തെ ശസ്ത്രക്രിയ മറച്ചു വച്ച്‌ അധിക പരിരക്ഷാ പോളിസി എടുത്തെന്നായിരുന്നു കമ്ബനി പറഞ്ഞ ന്യായം. ആദ്യ ശസ്ത്രക്രിയയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയ ശേഷം ഇതു മറച്ചു വച്ചുവെന്ന് വാദിക്കുന്നത് നിലനില്‍ക്കില്ലെന്ന് ലോക് അദാലത്ത് വിലയിരുത്തി.

മെഡി ക്ളെയിം അപേക്ഷ പുനഃപരിശോധിച്ച്‌ നിയമാനുസൃത ആനുകൂല്യം ഒമ്ബത് ശതമാനം പലിശ സഹിതം നല്‍കാനാണ് വിധി. കൂടാതെ 10,000 രൂപ കോടതിച്ചെലവും നല്‍കണം.

NO COMMENTS