അവസാന കോവിഡ് രോഗിയും പടിയിറങ്ങി ആതുര സേവനത്തിന്റെ പുതിയ മുഖമായി കാസര്‍കോട് ജനറല്‍ ആശുപത്രി

110

കാസര്‍കോട് : കോവിഡ് 19 സ്ഥിരീകരിച്ച അവസാന രോഗിയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പടിയിറങ്ങി. കേരള ജനതയാകെ അഭിമാനം കൊള്ളുമ്പോള്‍ കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രിയായ കാസര്‍കോട് ജനറല്‍ ആശുപത്രി ആതുര സേവനത്തിന്റെ പുതിയ മുഖമായി മാറി. സ്‌നേഹവും സാന്ത്വനവും പരിചരണവും നല്‍കിയാണ് ഓരോ രോഗിയേയും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ഒരു രോഗിയെപ്പോലും മരണത്തിന് വിട്ടുകൊടുക്കാതെ എല്ലാ രോഗികളേയും ചികില്‍സിച്ച് ഭേദമാക്കിയതിന്റെ ആത്മ സംതൃപ്തിയിലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും.

ചൈനയില്‍ നിന്ന് ആദ്യ രോഗികള്‍ കേരളത്തില്‍ എത്തിയപ്പോള്‍ പടി പടിയായി തുടങ്ങിയ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കോവിഡ് ചകിത്സാ നടപടികള്‍ കുറ്റമറ്റ ഐസൊലേഷന്‍ സംവിധാനങ്ങളിലേക്ക് എത്തിയത് പെട്ടന്നായിരുന്നു. എന്നാല്‍ ആ പാത അത്ര എളുപ്പമായിരുന്നില്ല. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ആദ്യമായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ ആശങ്കയുടെ നാളുകളായിരുന്നു കാസര്‍കോടിന്.

രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യ കേസ് സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 16 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അന്നു തൊട്ട് ഇന്നു വരെ 89 കോവിഡ് രോഗികളാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവസാനത്തെ രോഗിയും ഇന്നലെ (ഏപ്രില്‍ 29) രോഗമുക്തമായി ആശുപത്രിയുടെ പടിയിറങ്ങിയതോടെ ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയം എന്ന നേട്ടവും കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തം. ചികിത്സ തേടിയ മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭോദമാക്കി പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചയച്ച ഈ ആതുരാലയം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച് 16 നാണ് ആദ്യ കോവിഡ് രോഗിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഓരോ ദിവസവും ഇവിടേക്ക് വരുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു വന്നു. എന്നാല്‍ ഈ അടിയന്തിര സാഹചര്യത്തെയും അതിജീവിക്കുന്ന കാഴ്ചയാണ് ലോകം പിന്നീട് ലോകം കണ്ടത്. 46 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഇവിടെ പ്രവേശിപ്പിച്ച 89 രോഗികളില്‍ അവസാനത്തെയാളും ആശുപത്രി വിട്ടു. 49 ഡോക്ടര്‍മാരുടെയും 91 നേഴ്‌സുമാരുടെയും 21 താത്കാലിക നേഴ്‌സുമാരുടെയും ലാബ് ടോക്‌നീഷ്യന്‍മാരുടെയും ഫാര്‍മസിസ്റ്റ്മാരുടെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ക്ലീനിങ് സ്റ്റാഫ് മുതലുള്ള ആശുപത്രിയിലെ ഓരോ ജീവനക്കാരുടെയും ആത്മസമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയം കൂടിയാണിത്.

രോഗികളുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഡി.എം. ഒ എ വി രാംദാസിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ രാജാറാം അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘം ഓരോ ദിവസത്തേയും പുരോഗതികള്‍ വിലയിരുത്തി. ഭാവി പ്ലാനുകള്‍ തയ്യാറാക്കി. ഇവിടെയെത്തുന്ന രോഗികള്‍ക്ക്, ആശുപത്രി അണുബാധയുടെ ഉറവിടമാകാതിരിക്കാ നുള്ള പദ്ധതികള്‍ ആദ്യം നടപ്പാക്കി. അപ്പോഴേക്കും ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും സംശയങ്ങള്‍ വര്‍ധിച്ചു വന്നു. 24 മണിക്കൂറും നിലക്കാത്ത ഫോണ്‍ കോളുകള്‍.

പി പി ഇ കിറ്റുകള്‍, മാസ്‌കുകള്‍, ഹാന്റ് സാനിറ്റൈസറു കള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചും അനാവശ്യമുള്ളേ ടത്ത് ഒഴിവാക്കിയും നഴ്‌സുമാരേയും റെസിഡന്റ് ഡോക്ടര്‍മാരേയും സ്വയം അണുബാധയേല്‍ക്കുന്നതില്‍ നിന്ന് തടഞ്ഞു. അപ്പോഴേക്കും ജനറല്‍ ആശുപത്രിയലെ സാദാ പേ വാര്‍ഡ് മുറികള്‍ ഐഡിയല്‍ ഐസൊലേഷന്‍ മുറികളായി മാറിക്കഴിഞ്ഞിരുന്നു. രോഗീപരിശോധന, ഭക്ഷണം കൊടുക്കല്‍, ക്ലീനിംഗ് ഇങ്ങനെ എല്ലാത്തിലും ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ചേര്‍ന്ന് ഒരു കാസര്‍കോട് മോഡലിന് രൂപം കൊടുക്കുകയായിരുന്നു.

സാന്ത്വന സ്പര്‍ശമായി…

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി 24 മണിക്കൂറൂം മനശ്ശാസ്ത്ര വിദഗ്ദരുടെ സേവനം ലഭ്യമാക്കി. ഇത് രോഗം സ്ഥിരീകരിച്ചവര്‍ക്ക് മനസ്സിന് വലിയൊരു ആശ്വാസമായിരുന്നു. രഗികള്‍ക്ക് മാനസികോല്ലാസത്തിന് പാട്ടും മറ്റു കലാപരിപാടികളും മൊബൈല്‍ ഫോണും അനുവദിച്ചിരുന്നു. ചൂട് കൂടുതലാണന്ന് രോഗികള്‍ പറഞ്ഞപ്പോള്‍ 45 പെഡസ്റ്റിയല്‍ ഫാന്‍ സ്ഥാപിച്ചു. ഭക്ഷണത്തിന്റെ സാധാരണ മെനുവിന് പകരം രോഗികള്‍ ആവശ്യപ്പെട്ട ഭക്ഷണമാണ് നല്‍കിയത്. ഇതിന് പുറമേ രോഗികളുടെ ബന്ധുക്കള്‍ക്ക് മനസ്സു തുറക്കുന്നതിനും ആശങ്കയകറ്റുന്നതിനുമായി ‘സ്വാന്തന സ്പര്‍ശം’ പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പാക്കി. ഇതിനായി മൂന്ന് മനശ്ശാസ്ത്ര വിദഗ്ദരുടെ സേവനം ലഭ്യമാക്കി. ഇവര്‍ രോഗികളുടെ ബന്ധുക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് സംസാരിച്ചു.

വിജയം കൂട്ടായമയുടേത്

കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം 10 മുതല്‍ 18 മണിക്കൂര്‍ വരെ ജോലിയില്‍ വ്യാപൃതരായി. പലരും ജോലി സമയത്തിനുശേഷവും ആശുപത്രികാര്യങ്ങളില്‍ സജീവമായി പങ്കാളികളായി. മാര്‍ച്ച് 15ന് ശേഷം ഇവരില്‍ ചുരുക്കം ചിലരെ വീട്ടില്‍ പോയിട്ടുള്ളൂ. എച്ച് 1 എന്‍ 1, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് രോഗികളെ ചികിത്സിച്ച് രോഗവിമുക്തമാക്കിയ അനുഭവ പാരമ്പര്യം ഉള്ള ഡോക്ടര്‍മാരുടെ സേവനം ഈ ദുര്‍ഘട ഘട്ടത്തെ തരണം ചെയ്യാന്‍ സഹായിച്ചു. ഇതിന് പുറമേ മറ്റ് ജില്ലകളില്‍ നിന്ന് മൂന്ന് വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനവും കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അനുഭവ പരിജ്ഞാനമുള്ള ഡോ രാജേന്ദ്രന്റെ സേവനവും ഈ അടിയന്തിര ഘട്ടത്തില്‍ വലിയൊരു സഹായമായി.

ഡോ.കുഞ്ഞിരാമന്‍, ഡോ കൃഷ്ണ നായിക്. ഡോ ജനാര്‍ദ്ദന നായിക്, ഡോ നിസാര്‍ അഹമ്മദ്, ഡോ ജിതിന്‍ രാജ്, ഡോ ആര്‍. പ്രവീണ്‍, ഡോ അപര്‍ണ്ണ എന്നിവരാണ് കോവിഡ് രോഗികളെ ചികിത്സിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ കെ കെ രാജാറാം, അഡീഷണല്‍ സൂപ്രണ്ട് ഡോ രാജേന്ദ്രന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത ഗുരുദാസ്, ആര്‍ എം ഒ ഡോ ഗണേഷ് എന്നിവര്‍ സര്‍വ്വ പിന്തുണയുമായി മെഡിക്കല്‍ ടീമിനൊപ്പം ചേര്‍ന്നു.

നേഴ്സിങ് സൂപ്രണ്ട് സ്നിഷി, ഹെഡ് നേഴ്സുമാരായ സൂര്യ, മിനി വിന്‍സെന്റ്,കമലാക്ഷി,നിഷ, ബിന്ദുമോള്‍,സി എച്ച് പുഷ്പ, ജസീല,സുധ, വനജ,ആന്‍സമ്മ, സുജ, ശ്രീജ, നിര്‍മ്മല സ്റ്റാഫ് നേഴ്സുമാര്‍, നേഴ്സിങ്ങ് അസിസ്റ്റന്റുമാര്‍, ലാബ് അസിസ്റ്റന്റുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഹോസ്പിറ്റല്‍ അസിസ്റ്റന്റുമാര്‍, ഇലക്ട്രിഷ്യന്‍മാര്‍, ഡ്രൈവര്‍മാര്‍, ക്ലീനിങ് ജീവനക്കാര്‍ എന്നിവടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തന മികവും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായകമായി.

ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ രോഗികളെയും സന്തോഷത്തോടെ വീടുകളിലേക്ക് തിരിച്ചയക്കാന്‍ സാധിച്ചത് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ്മയുടെ വിജയമാണ്. സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് ഇത് വലിയൊരു അഭിമാനമാണ്. ഇനിയും നാം ജാഗ്രത കൈവിടാതിരിക്കണം. -കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് സൂപ്രണ്ട് ഡോ കെ കെ രാജാറാം

ചൈനയിലെ വുഹാനില്‍ നിന്ന് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ജില്ലയില്‍ എത്തിയത് മുതല്‍ ആശങ്കയിലായിരുന്നു. ആദ്യം പേടിയായിരുന്നു. വലിയ സംവിധാനങ്ങള്‍ ഒന്നും നമുക്ക് ഇല്ലാതിരുന്നതും ആശങ്ക വര്‍ധിക്കാനിടയാക്കി. ഒരു ദിവസം 31 കേസുകള്‍ വരെ ഇവിടെ അഡ്മിറ്റ് ചേയ്യേണ്ടിവന്നു. ഏങ്കിലും ആശുപത്രിയിലെ ഓരോ സ്റ്റാഫും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു. അതാണ് ഈ വിജയത്തിന് പിന്നില്‍- ഡെപ്യൂട്ടി സൂപ്രണ്ട് ഗീത ഗുരുദാസ്

ജനറല്‍ ആശുപത്രിയിലെ അവസാന രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടത് വലിയൊരു പ്രതീക്ഷയാണ്. ഈ വിജയം ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെയും കൂടിയാണ്. എങ്കിലും ഇനിയും ജാഗ്രത ആവശ്യമാണ്. -ഡി.എം.ഒ എ.വി. രാംദാസ്

കാസര്‍കോട് ജനറല്‍ ആശുപത്രിയെ ജീവനക്കാരുടെ ആത്മസമര്‍പ്പണത്തിന്റെ വിജയമാണ് മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയതിന് പിന്നില്‍ . ജനങ്ങള്‍ക്ക് ആശുപത്രിയിലെ ജീവനക്കാരോടുള്ള വിശ്വാസം കാത്തു സൂക്കക്ഷിക്കാനായതിലുള്ള സന്തോഷമാണ് ഇപ്പോള്‍. ഇനിയും ജാഗ്രത കൈവിടാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം- അഡീഷണല്‍ സൂപ്രണ്ട് ഡോ രാജേന്ദ്രന്‍

NO COMMENTS