തിരുവനന്തപുരം : ഹാൻടെക്സിന്റെ ഓണം റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും പുതിയ മെൻസ് വെയർ ഷോറൂമിന്റെ ഉദ്ഘാടനവും ഊറ്റുകുഴിയിലെ ഷോറൂമിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു.
ലോകമാർക്കറ്റിൽ കൈത്തറിക്കുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താനാകണമെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ ഉള്ള മേഖലകളിലെല്ലാം ഹാൻടെക്സ് ഷോറൂമുകൾക്കുള്ള സാധ്യതകൾ പരിഗണി ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹാൻടെക്സിന്റെ എല്ലാ പ്രമുഖ ഷോറൂമുകളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഊറ്റുകുഴി കൈത്തറി ഭവനിൽ വിപുലമായ ‘മെൻസ് വെയർ’ ആരംഭിച്ചത്.
20 ശതമാനം റിബേറ്റാണ് ഓണത്തോടനുബന്ധിച്ച് നൽകുന്നത്. സംസ്ഥാന സർക്കാർ ഹാൻടെക്സ് വഴി നടപ്പാക്കുന്ന ‘കൈത്തറി സുരക്ഷാ പദ്ധതി’യിൽ ഉൾപ്പെടുത്തി വിവിധ പ്രീമിയം ഉത്പന്നങ്ങളും ഹാൻടെക്സ് പുറത്തിറക്കിയിട്ടുണ്ട്. ഷോറൂമുകൾ നവീകരിച്ച് കൈത്തറി ഉത്പന്നങ്ങൾ പ്രീമിയം ക്വാളിറ്റിയിൽ ഉത്പാദിപ്പിക്കുക വഴി വിറ്റുവരവ് വർധിപ്പിക്കലും നെയ്ത്തുകാർക്കും കൈത്തറി മേഖലയ്ക്കും പുത്തനുണർവുമാണ് ലക്ഷ്യമാക്കുന്നത്.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹാൻടെക്സ് പ്രസിഡൻറ് പെരിങ്ങമ്മല വിജയൻ, എം.ഡി കെ.എസ്. അനിൽകുമാർ, വൈസ് പ്രസിഡൻറ് വണ്ടന്നൂർ സദാശിവൻ, വട്ടവിള വിജയകുമാർ കൗൺസിലർ എം.വി. ജയലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.