മുസ്ലീങ്ങള്‍ ഒഴികെയുള്ളവർക്ക് പൗരത്വം നല്‍കുന്നതാണ് നിയമം – സീതാറാം യെച്ചൂരി

115

തിരുവനന്തപുരം: മൂന്ന് അയല്‍രാജ്യങ്ങളിൽ നിന്നുവന്നിട്ടുള്ള മുസ്ലീങ്ങള്‍ ഒഴിച്ചുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. ഇത് ഇന്ത്യയുടെ പാരമ്പ ര്യത്തിനും സംസ്‌കാരത്തിനും ചേര്‍ന്നതല്ലയെന്നും .പൗരത്വ ഭേദഗതി നിയമം മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാ ണെന്നും വസുധൈവക കുടുംബകം എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാടെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

നിയമം ബിജെപി അജണ്ടയുടെ ഭാഗമാണ്. അവര്‍ ഇന്ത്യയുടെ ഭരണഘടനയേയോ സംസ്‌കാരത്തെയോ അംഗീകരി ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധതയാണ് പുറത്തുവന്നത്. സങ്കീര്‍ണ മാണ് ഈ നിയമം. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു.

അസമില്‍ എന്‍ആര്‍സി വന്നത് സുപ്രീംകോടതി ഉത്തരവ് മുഖേനെയാണ്. 20 ലക്ഷത്തിനടുത്ത് ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായതായി സീതാറാം യെച്ചൂരി പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗത്തിലുള്ളവര്‍ ആയിരുന്നില്ല. അത് ബിജെപിയുടെ ആഗ്രഹത്തിനും തത്വശാസ്ത്രത്തിനും വിരുദ്ധമായിരുന്നു. ഇത് മറികടക്കാനാണ് മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി നിയമവുമായി രംഗത്ത് വന്നത്. പൗരത്വം ലഭിക്കാത്ത മുസ്ലീങ്ങള്‍ ഡിറ്റന്‍ഷന്‍ സെന്ററുകളിലാക്കും. ഇത്തരം ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ നിരവധി ആളുകള്‍ അസമില്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴവര്‍ ആ നടപടികള്‍ രാജ്യം മുഴുവന്‍ ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിലരെ സംശയാസ്പദ വോട്ടര്‍മാരാക്ക് മാറ്റുകയാണ് ചെയ്യുന്നത് എന്‍ആര്‍സി, സിഎഎ, എന്‍പിആര്‍ എന്നിവ അതിനുള്ളതാണ്. 2003ല്‍ അദ്വാനി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് എന്‍പിആര്‍ നിയമഭേദഗതി വരുന്നത്. ഇതനുസരിച്ച്‌ എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും രജിസ്റ്റര്‍ കാലാകാലങ്ങളില്‍ പുതുക്കണമെന്നാണ്. ഏപ്രില്‍ 2020 ഇതനുസരിച്ച്‌ എന്‍പിആര്‍ പുതുക്കല്‍ തുടങ്ങും. സെന്‍സസിനൊപ്പമാണ് ഇതും നടത്തുക. എന്‍പിആര്‍ പുതിയ കാര്യമല്ല ഇത് സെന്‍സസിന്റെ ഭാഗമാണെന്നാണ് അവര്‍ പറയുന്നത്. അവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്- യെച്ചൂരി ആരോപിച്ചു.

ഇന്ത്യയില്‍ ജീവിക്കുന്നവരുടെ എണ്ണമാണ് സെന്‍സസില്‍ ശേഖരിക്കുന്നത്. അവര്‍ പൗരന്മാരാണോ അല്ലയോ എന്നത് ഇതിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍പിആര്‍ എന്നത് പൗരത്വവുമായി ബന്ധപ്പെട്ടതാണ്. അത് ഇന്ത്യയിലെ പൗരന്മാരുടെ കണക്കെടുപ്പാണ്. ഇക്കാര്യം വിശദീകരിക്കാന്‍ സിപിഎം ഓരോ വീടുകളിലും പ്രചാരണ ത്തിനെത്തുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. സെന്‍സസിനെത്തുന്ന ആളിന്റെ കൈയില്‍ രണ്ട് തരം ചോദ്യ ങ്ങളാകും ഉണ്ടാവുക. ഒന്ന് സെന്‍സസിനുവേണ്ടിയുള്ളതും മറ്റൊന്ന് എന്‍പിആറിനു വേണ്ടിയുള്ളതും. ഇതില്‍ എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

എന്‍പിആര്‍ വിവരങ്ങള്‍ക്ക് രേഖകള്‍ ഒന്നും നല്‍കേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്. അത് ശരിയാണ്. പക്ഷെ നിങ്ങള്‍ എന്‍പിആറിനായി നല്‍കുന്ന ഉത്തരങ്ങള്‍ പരിശോധിച്ച്‌ രജിസ്ട്രാര്‍ നിങ്ങള്‍ ഇന്ത്യന്‍ പൗരനാണോ അതോ പൗരത്വത്തില്‍ സംശയം തോന്നുന്ന ആളാണോ എന്ന് തീരുമാനിക്കും. ഇത്തരത്തില്‍ തീരുമാനിക്കുന്നതിനുള്ള അടി സ്ഥാന രേഖയാണ് എന്‍പിആര്‍. ഇത്തരത്തില്‍ സംശയം ആരോപിക്കപ്പെടുന്നവരുടെ പേരുകള്‍ എന്‍ആര്‍സിയില്‍ വരില്ല. ഇവര്‍ക്ക് എന്‍ആര്‍സിയില്‍ പേര് വരണമെന്നുണ്ടെങ്കില്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പാവപ്പെട്ടവരും ആദിവാസികളും വിധവകളും, ശാരീരിക വൈകല്യങ്ങളുള്ളവരുമായ ജനങ്ങള്‍ക്ക് ഇത്തരത്തില്‍ രേഖകള്‍ സംഘടിപ്പിക്കുക അസാധ്യമാണ്. അവര്‍ എന്‍ആര്‍സിയില്‍ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചിന്തിക്കുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിച്ചവരുടെ കാലം കഴിഞ്ഞു വെന്നാണ്. നിലവിലെ യുവജനങ്ങള്‍ രാജ്യസ്‌നേഹത്താല്‍ പ്രചോദിതരല്ല എന്നാണ്. എന്നാല്‍ അദ്ദേഹത്തിന് തെറ്റി, ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും രാജ്യം മുഴുവന്‍ ദേശീയ പതാകയുമേന്തി നടക്കുന്നത് കാണാം. അവര്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്യുന്നു.

ഈ സമരങ്ങളാണ് രാജ്യത്തെ ഉള്‍ക്കൊള്ളുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

NO COMMENTS