എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചപ്പോള്‍ പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന് പഞ്ചായത്ത് ഭരണം നഷ്ടമായി.

134

കോട്ടയം: പുഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ് പിസി ജോര്‍ജ്ജിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചത്. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെ വിജയിക്കുകയും ജനപക്ഷത്തിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു.

14 അംഗ തെക്കേക്കര പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡ‍ിഎഫ് 5, കോണ്‍ഗ്രസ്2, കേരള കോണ്‍ഗ്രസ് 2, ജനപക്ഷം6 എന്നിങ്ങനെയായിരുന്നു കക്ഷിനില. നേരത്തെ സിപിഎം-ജനപക്ഷം ധാരണയിലായിരുന്നു പഞ്ചായത്ത് ഭരണം നടന്നിരുന്നത്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതോടെ സിപിഎം ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇടതുമുന്നണി അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

യുഡിഎഫ് കൂടി പിന്തുണച്ചതോടെ ആറിനെതിരെ എട്ട് അംഗങ്ങളുടെ പിന്തുണയില്‍ അവിശ്വാസ പ്രമേയം പാസായി. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യുഡിഎഫ് നിലപാട്.

നേരത്തെ ജനപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെ പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ബി രമേശിനെതിരെ ജനപക്ഷവും ബിജെപിയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും പിന്തുണയ്ക്കുകയായിരുന്നു. 13 അംഗപ‍ഞ്ചായത്ത് സമതിയില്‍ എട്ടംഗങ്ങളായിരുന്നു പ്രമേയത്തെ പിന്തുണച്ചത്.

NO COMMENTS