തിരുവന്തപുരം: എല്‍ഡിഎഫ‌് സര്‍ക്കാര്‍ രണ്ടരവര്‍ഷം കൊണ്ട‌് 169 കായികതാരങ്ങള്‍ക്ക‌് നിയമനം നല്‍കിയപ്പോള്‍ കഴിഞ്ഞ യുഡിഎഫ‌് സര്‍ക്കാര്‍ അഞ്ച‌് വര്‍ഷം കൊണ്ട‌് നിയമനം നല്‍കിയത‌് 110 കായികതാരങ്ങള്‍ക്ക‌്. കായിക മേഖലയില്‍ അര്‍ഹരായ മുഴവന്‍ പേര്‍ക്കും സ‌്പോര്‍ട‌്സ‌് ക്വോട്ടയില്‍ നിയമനം നല്‍കാനുള്ള യുദ്ധകാലനടപടികളിലാണ‌് എല്‍ഡിഎഫ‌് സര്‍ക്കാര്‍. എല്‍ഡിഎഫ‌് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ട നടപടികളിലൂടെ അഞ്ച‌് വര്‍ഷം കൊണ്ട‌് 750ല്‍ അധികം കായിക താരങ്ങള്‍ക്ക‌് സര്‍ക്കാര്‍ ജോലി ലഭിക്കും. യുഡിഎഫ‌് സര്‍ക്കാരിന്റെ കാലത്തെ ഒഴിവുകളിലേക്കുകൂടി നിയമനം നടത്തി കായികതാരങ്ങളെ കൈപിടിച്ചുയര്‍ത്തുകയാണ‌് എല്‍ഡിഎഫ‌് സര്‍ക്കാര്‍.2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ ഒഴിവുകള്‍ നികത്താന്‍ 248 കായികതാരങ്ങളുടെ റാങ്ക് പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ഈ പട്ടികയില്‍നിന്ന‌് രണ്ടുമാസത്തിനകം നിയമനം നല്‍കിത്തുടങ്ങും. ഇതോടൊപ്പം 2015 മുതല്‍ 2018 വരെയുള്ള കാലയളവിലെ സ‌്പോര്‍ട‌്സ‌് ക്വോട്ട നിയമനത്തിന‌് ഒരുമാസത്തിനകം അപേക്ഷ ക്ഷണിക്കും.ഇതിന്റെ റാങ്ക‌് പട്ടിക വരുന്നതോടെ 200 കായികതാരങ്ങള്‍ക്കുകൂടി സര്‍ക്കാര്‍ ജോലി ലഭിക്കും. കേരള പൊലീസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീം രൂപീകരിക്കാന്‍ 11 കായിക ഇനങ്ങളിലായി കായികതാരങ്ങളെ നിയമിക്കാന്‍ 146 ഹവില്‍ദാര്‍ തസ്‌തികയും ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു.
ഒരു വര്‍ഷം 50 നിയമനം എന്നതു പ്രകാരം അഞ്ചുവര്‍ഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്. ഓരോ വര്‍ഷത്തെയും പട്ടിക പ്രത്യേകമാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗത ഇനങ്ങളില്‍ നിന്നുള്ള 25 പേര്‍ക്കും ടീമിനങ്ങളില്‍നിന്നുള്ള 25 പേര്‍ക്കുമാണ് ഓരോ വര്‍ഷവും ജോലി നല്‍കുക. അന്താരാഷ്‌ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളില്‍ മികവുകാട്ടിയവരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചത്.അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളിലെ മൂന്നാംസ്ഥാനമാണ‌് ഏറ്റവും കുറഞ്ഞ യോഗ്യത. ഏഷ്യന്‍ ഗെയിംസ്, ഒളിമ്ബിക്‌സ് എന്നിവയില്‍ ഉള്‍പ്പെടാത്ത കായിക ഇനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷം ഒരു തസ്‌തിക എന്ന കണക്കില്‍ അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ക്ക് വര്‍ഷം രണ്ടു തസ്‌തികയും മാറ്റിവച്ചിട്ടുണ്ട‌്.
കരുതും കരങ്ങളില്‍ ശകുന്തളമുതല്‍ വിനീത‌് വരെ നാടിന‌് അഭിമാനമായ കായികതാരങ്ങളോട‌് എല്‍ഡിഎഫ‌് സര്‍ക്കാരിനുള്ള കരുതലിന്റെയും പരിഗണനയുടെയും സാക്ഷ്യമായി 169 കായികതാരങ്ങള്‍. തിരസ‌്കാരത്തിന്റെ കയ‌്പില്‍ പാളയം മാര്‍ക്കറ്റില്‍ സ്വയം ഉരുകിത്തീരുമായിരുന്ന വി ഡി ശകുന്തളമുതല്‍ പ്രശസ‌്ത ഫുട‌്ബോള്‍ താരം സി കെ വിനീത‌് വരെ ഈ പട്ടികയിലുണ്ട‌്.ഹോക്കിയില്‍ ഒരു കാലഘട്ടത്തില്‍ മലയാളികളുടെ അഭിമാനമായിരുന്നു ശകുന്തള. കളിക്കളത്തിലെ ആരവം നിലച്ചപ്പോള്‍ ഉപജീവനത്തിന‌് പാളയം മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവടക്കാരിയായി. ശകുന്തളയുടെ പരിതാപകരമായ അവസ്ഥയറിഞ്ഞ എല്‍ഡിഎഫ‌് സര്‍ക്കാര്‍ ഇവര്‍ക്ക‌് കായിക ഡയറക്ടറേറ്റില്‍ സ്ഥിരനിയമനം നല്‍കി.
ഏജീസ‌് ഓഫീസിലെ ജീവനക്കാരനായിരുന്ന ഇന്ത്യന്‍ ഫുട‌്ബോള്‍ താരം സി കെ വിനീതിനെ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. വിനീതിനെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നതോടെ വിനിതീന‌് സെക്രട്ടറിയറ്റ‌് അസിസ‌്റ്റന്റ‌് ജോലിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കി. വിനീതിലും ശകുന്തളയിലും ഈ പട്ടിക തീരുന്നില്ല. ദേശീയ വോളിബോള്‍ താരം സി കെ രതീഷ‌്, കബഡി താരം പി കെ രാജിമോള്‍, സ‌്പെഷ്യല്‍ ഒളിമ്ബിക‌്സില്‍ പങ്കെടുത്ത പി കെ ഷൈബന്‍ തുടങ്ങിയവര്‍ക്കെല്ലാം എല്‍ഡിഎഫ‌് സര്‍ക്കാരാണ‌് ജോലി നല്‍കിയത‌്.14 വര്‍ഷത്തിനുശേഷം സന്തോഷ‌് ട്രോഫി വിജയിച്ച കേരള ടീമിലെ ജോലിയില്ലാത്ത കായികതാരങ്ങള്‍ക്കും ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ‌് മെഡല്‍ ജേതാക്കള്‍ക്കും ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട‌്.വൈദ്യുതി വകുപ്പില്‍ എട്ട‌് കായികതാരങ്ങളെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട‌്.