കാസര്‍കോട് : യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായി കരുതിയിരുന്ന മഞ്ചേശ്വരത്തും കാസര്‍കോടും എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. 38 പഞ്ചായത്തുകളിലെ 777 സീറ്റുകളില്‍ 302 ഉം എല്‍ഡിഎഫ് നേടി. പഞ്ചായത്തുകളില്‍ യുഡിഎഫിന് 283 സീറ്റുകളും എന്‍ഡിഎക്ക് 109 സീറ്റുകളുമാണ് ലഭിച്ചത്. ഇതിനുപുറമേ എല്‍ഡിഎഫ് പിന്തുണച്ച സ്വതന്ത്രന്മാരും ജയിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ 34 ഡിവിഷനുകളും ജില്ല പഞ്ചായത്തില്‍ എട്ട് ഡിവിഷനുകളുമാണ് ലഭിച്ചത്.
നീലേശ്വരത്ത് 3413 വോട്ടാണ് യുഡിഎഫിനേക്കാള്‍ കൂടുതല്‍ നേടിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വീഴ്ച ഇത്തവണ മറികടക്കാന്‍ കഴിഞ്ഞു. 81461 വോട്ടിന്റെ വ്യത്യാസമായിരുന്നു ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുണ്ടായിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വ്യത്യാസം 1466 ലേക്ക് ചുരുങ്ങി. വോട്ടിലും വര്‍ധനയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലായി എല്‍ഡിഎഫിനുണ്ടായിരുന്നത് 275944 വോട്ടുകളായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 307714ല്‍ ഉയര്‍ത്തി.
ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് 34 സീറ്റ് നേടി പിടിച്ചുനിന്നത്. എന്നാല്‍ ആറ് ബ്ലോക്കുകളില്‍ നാലിലും അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്‍ഡിഎക്ക് 13 സീറ്റ് മാത്രമാണ് ബ്ലോക്കില്‍ നേടാനായത്. നഗരസഭകളിലും എല്‍ഡിഎഫ് മികച്ച നേട്ടമുണ്ടാക്കി. കാഞ്ഞങ്ങാട്,നീലേശ്വരം നഗരസഭകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടുകയും വോട്ട് വര്‍ധിപ്പിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് യുഡിഎഫിനേക്കാള്‍ 1266 വോട്ടുകള്‍ കൂടുതല്‍ നേടി.