23 വര്‍ഷമായി യുഡിഎഫ് കോട്ടയായ കോന്നി മണ്ഡലം കെ.യു.ജനീഷ്കുമാറിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു

101

പത്തനംതിട്ട: 23വര്‍ഷമായി അടൂര്‍ പ്രകാശ് എംഎല്‍എയായിരുന്ന യുഡിഎഫ് കോട്ടയായി കൊണ്ടുനടന്ന കോന്നി മണ്ഡലമാണ് കെ.യു.ജനീഷ്കുമാറിലൂടെ 9,953 വോട്ടുകളുടെ ഭൂരിപക്ഷം നേടി എല്‍ഡിഎഫ് തിരിച്ചുപിടിച്ചത് . ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിരുന്നു കോന്നി. എ.യു.ജനീഷ്കുമാര്‍ (എല്‍ഡിഎഫ്) – 54,099. വിജയിച്ചു. പി.മോഹന്‍രാജ് ( യു ഡിഎഫ്) – 44,146 .വോട്ടുകളോടെ രണ്ടാമതും , കെ.സുരേന്ദ്രന്‍ (എന്‍ഡിഎ) – 39,786. വോട്ടുകളോടെ മൂന്നാമതുമായി.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ മണ്ഡലത്തിലെ യുഡിഎഫില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ വോട്ടെടുപ്പില്‍ കാര്യമായി പ്രതിഫലിച്ചുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച റോബിന്‍ പീറ്ററെ മറികടന്ന് സ്ഥാനാര്‍ഥിയായ മോഹന്‍രാജിന് ഉറച്ച യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും പോലും വോട്ടു കുറഞ്ഞു. ഇത് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തിന്‍റെ ബാക്കി പത്രമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പ്രചാരണ രംഗത്തെ അടൂര്‍പ്രകാശിന്‍റെ അസാന്നിധ്യവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാക്കി യിട്ടുണ്ട്.

കെ.സുരേന്ദ്രനിലൂടെ വിജയം മോഹിച്ച ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ രണ്ടു ശതമാനം വോട്ടു കുറയുകയാണ് ചെയ്തത്. എങ്കിലും തിളക്കമാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞുവെന്ന വിശ്വാസത്തിലാണ് ബിജെപി. മതന്യൂനപക്ഷങ്ങളുടെ ഉള്‍പ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് ലഭിച്ചുവെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

NO COMMENTS