വികസന വിരുദ്ധതയ‌്ക്കും വിദ്വേഷരാഷ്ട്രീയത്തിനുമെതിരെ എല്‍ഡിഎഫ‌് കേരളസംരക്ഷണ യാത്ര വ്യാഴാഴ‌്ച തുടങ്ങും.

147

തിരുവനന്തപുരം : വികസന വിരുദ്ധതയ‌്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയുള്ള എല്‍ഡിഎഫ‌് കേരളസംരക്ഷണ യാത്ര വ്യാഴാഴ‌്ച തുടങ്ങും. ‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ…’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തിന‌് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുമാണ‌് യാത്ര.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ വ്യാഴാഴ‌്ച വൈകിട്ട‌് നാലിന‌് തിരുവനന്തപുരത്ത‌് പൂജപ്പുര മൈതാനിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ‌്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാജാഥ 16ന‌് മഞ്ചേശ്വരത്ത‌് തുടങ്ങും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ‌്ഘാടനം ചെയ്യും. മാര്‍ച്ച‌് രണ്ടിന‌് ഇരുജാഥകളും തൃശൂരില്‍ മഹാറാലിയോടെ സമാപിക്കും.

കേരളസംരക്ഷണ യാത്രയുടെ സമാപനത്തോടെ എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രവര്‍ത്തനത്തിന‌് തുടക്കംകുറിക്കുമെന്ന‌് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വലതുപക്ഷവല്‍ക്കരണത്തിനും വര്‍ഗീയതയ‌്ക്കുമെതിരെയുള്ള രാഷ‌്ട്രീയപ്രചാരണമാണ‌് ജാഥകളുടെ ലക്ഷ്യം. മോഡി സര്‍ക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരെ ജനവികാരം വളര്‍ത്താനും കേരളവികസനത്തിനും ജനക്ഷേമത്തിനും ജനങ്ങളെ സജ്ജരാക്കുക.

‘വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളും ജാഥ മുന്നോട്ടുവയ‌്ക്കുന്നു. കോടിയേരിക്കുപുറമെ കെ പ്രകാശ‌്ബാബു(സിപിഐ), പി സതീദേവി (സിപിഐ എം), അഡ്വ. ബിജിലി ജോസഫ‌്(ജനതാദള്‍), പി കെ രാജന്‍ (എന്‍സിപി), യു ബാബു ഗോപിനാഥ‌് (കോണ്‍ഗ്രസ‌് എസ‌്) ഡിക്കന്‍ തോമസ‌്(കേരള കോണ്‍ഗ്രസ‌്), ഡോ. വര്‍ഗീസ‌് ജോര്‍ജ‌്(ലോക‌്താന്ത്രിക‌് ജനതാദള്‍) കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍) ഡോ. ആന്റണി രാജു(ജനാധിപത്യ കേരള കോണ്‍ഗ്രസ‌്), പി എം മാത്യു (കേരള കോണ്‍ഗ്രസ‌് ബി) എന്നിവരാണ‌് തെക്കന്‍ മേഖലാ ജാഥാംഗങ്ങള്‍.

NO COMMENTS