മുഹമ്മദ് നബി (സ്വ) ജീവിതവും സന്ദേശവും

774

കാസറഗോഡ് : പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിഞ്ഞ് അവന്റെ കൽപന വിരോധങ്ങൾക്ക് അനുസൃതമായി ജീവിക്കുക എന്നതാണ് മനുഷ്യധർമ്മം, ഈ ചുമതല അവനെ പഠിപ്പിക്കാൻ പ്രവാചകൻമാർ ലോകത്ത് വന്നു അവരുടെ സമാപ്തി കുറിച്ച് കൊണ്ട് അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)യും.

ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ ഓരോ വസ്തുവും സൂക്ഷമജ്ഞാനിയും സര്‍വ്വശക്തനുമായ ഒരു സൃഷ്ടി കർത്താവിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ആ സൃഷ്ടി കര്‍ത്താവിനെയാണ് ഇസ്ലാം അല്ലാഹു എന്ന് പരിചയപ്പെടു ത്തുന്നത്. കാരുണ്യവാനായ അല്ലാഹു മനുഷ്യര്‍ക്ക് ധര്‍മ്മാധര്‍മ്മങ്ങളെ വ്യക്തമാക്കി കൊടുക്കുന്നതിന് വേണ്ടി അവരില്‍ നിന്ന് തന്നെയുളള മാന്യന്മാരും സത്യസന്ധരുമായ ചിലരെ മാതൃക യോഗ്യരായ ദൂതന്മാരായി തെര ഞ്ഞെടുത്തു. ഇത്തരത്തില്‍ നിരവധി പ്രവാചകന്മാര്‍ വ്യത്യസ്ത കാലങ്ങളില്‍ വിവിധ നാടുകളില്‍ വന്നിട്ടുണ്ട്. ആ പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി (സ്വ).അദ്ദേഹം ലോകരക്ഷിതാവായ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് എത്തിച്ചു കൊടുത്ത മഹാനായ പ്രവാചകനാണ്. അദ്ദേഹം ഏതെങ്കിലും ഒരു പ്രത്യേക വര്‍ഗത്തിന്റേയോ ഭാഷക്കാരുടെയോ മാത്രം പ്രവാചകനല്ല. മറിച്ച് സൂര്യൻ ചന്ദ്രൻ വായു വെളളം ഭൂമി മുതലായവ എല്ലാവര്‍ക്കുമായി അല്ലാഹു നല്‍കിയ അനുഗ്രഹമാണ്.

ജനനവും ജീവിതവും.

ക്രസ്താബ്ദം 571 ല്‍ സഊദി അറേബ്യയിലെ മക്കയിലാണ് അദ്ദേഹത്തിന്‍റ ജനനം.. ചെറുപ്പത്തിലെ പിതാവ് അബ്ദുല്ലയും, മാതാവ് ആമിനയും മരണപ്പെട്ടു. അനാഥനായ മുഹമ്മദിനെ പിന്നീട് പിതൃവ്യന്‍ അബ്ദുല്‍ മുത്വലിബും ശേഷം പിതൃസഹോദരന്‍ അബൂത്വലിബും ഏറ്റെടുത്താണ് വളര്‍ത്തിയത്. ചെറുപ്പം മുല്‍ക്കേ നീതി, ധര്‍മ്മം, സത്യ സന്ധത, ബുദ്ധി സാമര്‍ത്ഥ്യം, വിശ്വസ്തത തുടങ്ങി ഒട്ടനവധി ഉല്‍കൃഷ്ടസ്വഭാവ ഗുണങ്ങള്‍ക്കുടമയായിരുന്നു അദ്ദേഹം. മക്കകാര്‍ വാത്സല്യപൂര്‍വ്വം അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന ഓമന പ്പേരിലാണ് അദ്ദേഹത്തെ വിളിച്ചത്.

മക്കയില്‍ നിന്ന് സിറിയയിലേക്ക് പോകുന്ന കച്ചവട സംഘത്തിന്റെ തലവനായും ആടുകളെ മേച്ചുമാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഖദീജയെന്ന വിധവയെ അദ്ദേഹം വിവാ ഹം ചെയ്തു. തന്റെ കച്ചവടത്തിന്റെ തലവനായി പല തവണ ജോലി ചെയ്ത മുഹമ്മദി (സ്വ) ന്റെ സത്യസന്ധത യിലും സല്‍സ്വഭാവത്തിലും ആകൃഷ്ടയായ ഖദീജ വിവാഹലോചന നടത്തുകയായിരുന്നു.

പ്രവാചകത്വവും ദൗത്യനിര്‍വഹണവും.

ക്രിസ്താബ്ദം 610 ല്‍ തന്റെ നാല്‍പ്പതാം വയസ്സില്‍ ഹിറാഗുഹയില്‍ വെച്ചാണ് അദ്ദേഹത്തിന് ആദ്യമായി ദൈവിക വെളിപാട് അവതരിക്കുന്നത്. ലോകസൃഷ്ടാ വായ അല്ലാഹു മാനവരാശിക്ക് കനിഞ്ഞരുളിയ ദൈവിക വചനമായ ഖുര്‍ആനിന്റെ ആദ്യസൂക്തങ്ങള്‍ ഇങ്ങിനെയായിരുന്നു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (96/1:5)

പ്രവാചകത്വമെന്ന ഭാരിച്ച ഉത്തരവാദിത്വമേറ്റടുത്ത മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ച് മുന്‍ പ്രവാചകന്മാരെപ്പോലെ ബഹുദൈവാരാധനക്കും മറ്റ് തിന്മക്കുമെതിരെ അശ്രാന്ത പരിശ്രമം നടത്തി. ഏകനായ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന് പ്രഖ്യപിച്ച അദ്ദേഹം കുടുംബക്കാരെയും നാട്ടുകാരെയും അതിനെകുറിച്ച് ഉദ്ബോധിപ്പിച്ചു. ഈ ഉദ്ബോധനങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് ശാശ്വതമായ നരകശിക്ഷ വരാ നിരിക്കുന്നുവെന്നും അദ്ദേഹം ഉണര്‍ത്തി. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് സമാധാനത്തിന്റെ നിത്യ ഗേഹമായ സ്വര്‍ഗമുണ്ടെന്ന് സന്തോഷവാര്‍ത്തയുമറിയിച്ചു. ഏതാനും ചിലര്‍ ആ ഉപദേശം സ്വീകരിച്ചു. ഭൂരിപക്ഷവും അത് എതിര്‍ക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്.

ഉച്ചനീചത്വങ്ങളെ നിശിതമായെതിര്‍ക്കുന്ന മുഹമ്മദി (സ്വ)നെ ഇങ്ങിനെ വിട്ടാല്‍ തങ്ങളുടെ സ്ഥാനമാനങ്ങളും അധികാരങ്ങളുമൊക്കെ നഷ്ടപ്പെട്ടു പോകുമെന്ന് ഭയന്ന ബഹുദൈവാരാധകരായ മക്കകാര്‍ അക്രമത്തിന്‍റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗം സ്വീകരിച്ചു. പീഢനങ്ങള്‍ സഹിക്കവയ്യാതെ വിശ്വാസികള്‍ സ്വദേശമായ മക്കവിട്ടു. എത്യോപ്യയിലേക്ക് പാലായനം ചെയ്തു. അവസാനം മുഹമ്മദ് നബി (സ്വ) ക്കും ജന്മനാടായ മക്കയോട് വിട പറഞ്ഞ് മദീനയിലേക്ക് ഹിജ്റ (പാലായനം) പോകേണ്ടിവന്നു.

പ്രവാചകന്‍റെയും അനുചരന്മാരുടെയും പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആളുകള്‍ അധികരിച്ചു. അരിശം മൂത്ത ശത്രുക്കള്‍, നാടു വിട്ടു പോയിട്ടും മുഹമ്മദി നെ (സ്വ) യും അനുയായികളെയും വെറുതെ വിട്ടില്ല. ആവുന്ന വിധത്തിലൊക്കെ ഉപദ്രവിച്ചു കൊണ്ടിരുന്നു. അങ്ങിനെ സഹനത്തിന്‍റയും ക്ഷമയുടെയും നീണ്ട പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികരിക്കാൻ അല്ലാഹു അവര്‍ക്ക് അനുവാദം നല്‍കി.

യുദ്ധത്തില്‍ ഇരയാവുന്നവര്‍ക്ക് അവര്‍ മര്‍ദ്ദിതരായതിനാല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുളളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, യഹൂദ ദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയാ യും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.(ക്വുര്‍ആന്‍)

ശരീരവും സ്വഭാവവും.

പ്രവാചക ശിഷ്യനായ അനസ് (റ) പറയുന്നു. നബി (സ) നന്നെ പൊക്കം കൂറഞ്ഞയാളോ വളരെ പൊക്കം കൂടിയ ആളോ ആയിരുന്നില്ല. രക്ത പ്രസാദമില്ലാത്ത വിളറിയ വെളുപ്പോ ഇരുണ്ട നിറമോ ആയിരുന്നില്ല നബി (സ്വ) യുടത്. അവിടുത്തേ തല മുടി നിവര്‍ന്ന് നില്‍ക്കുന്നതോ ചുരുണ്ടതോ അല്ലാത്ത ഒതുക്കമുളള മുടിയായിരുന്നു. (ബുഖാരി, മുസ്ലിം) സല്‍സ്വഭാവങ്ങളുടെ ഉത്തമ മാതൃകയായിരുന്നു നബി (സ്വ). അല്ലാഹു പറയുന്നു: തീച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (68.4).

വിശ്വസ്തനും സത്യസന്ധനുമായ പ്രവാചകന്‍ തമാശയില്‍ പോലും കളവ് പറഞ്ഞിരുന്നില്ല. ക്വുര്‍ആനിന്റെ ജീവിക്കുന്ന മാതൃകയായിരുന്ന അദ്ദേഹത്തെ പിന്‍ പറ്റുവാന്‍ ക്വുര്‍ആന്‍ മനുഷ്യരാശിയെ ഉത്ബോധിപ്പിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട് അതായത് അല്ലാഹുവെയും അന്ത്യ ദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹു വെ ധാരാളമായി ഓര്‍മിക്കുകയും ചെയ് തുവരുന്നവര്‍ക്ക്.(33. 21) സഹജീവികളോട് വളരെ ദയാലുവും കരുണയുളളവനുമായിരുന്ന അദ്ദേഹത്തിന്റെ ഉല്‍കൃഷ്ട സ്വഭാവം ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി.

പ്രവാചകനോടുളള കടമകള്‍

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ മഹത്തായ ഒരു അനുഗ്രമാണ് അവര്‍ക്ക് മാതൃകയായി അവരില്‍ നിന്ന് തന്നെ ഒരു പ്രവാചകനെ അയച്ചുവെന്നത് അദ്ദേഹം സന്മാർഗത്തിന്റെ ഒട്ടനവധി പാഠങ്ങള്‍ പഠിപ്പിച്ചു. ആ മഹത്തായ അനുഗ്രഹത്തോട് നമുക്ക് പല കടമകളുമുണ്ട്.

മുഹമ്മദ് നബി (സ്വ) പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നും അദ്ദേഹത്തിലൂടെ ലോകം ശ്രവിച്ച ഇസ്ലാമിന്‍റ സന്ദേശം ദൈവിക സന്ദേശ ത്തിന്റെ അവസാന പതിപ്പാണെന്നും അംഗീകരിക്കുക.

ദൈവദൂതനെന്ന നിലയില്‍ പൂര്‍ണമായി അദ്ദേഹത്തെ പിന്‍പറ്റുകയും അവിടുന്ന് അറിയിച്ച സംഗതികളൊക്കെ സത്യപെടുത്തി അംഗീകരിക്കുകയും ചെയ്യുക.

ഏകദൈവാരാധനയിലധിഷ്ഠിതമായ കര്‍മ്മങ്ങളും ആദര്‍ശവുമാണ് അദ്ദേഹം പഠിപ്പിച്ചത്. അവിടുത്തെ മാതൃകയനുസരിച്ച് മാത്രം കര്‍മ്മങ്ങളനുഷ്ഠിക്കുകയും ആ മാതൃകക്ക് വിരുദ്ധമായ ആചാര അനുഷ്ഠാനങ്ങള്‍ കയ്യൊഴിയുകയും ചെയ്യുക.

നിരവധി ത്യഗങ്ങള്‍ സഹിച്ച് മനുഷ്യരുടെ മോക്ഷത്തിനും നന്മക്കും വേണ്ടി ഇസ്ലാമെന്ന സന്ദേശം പഠിപ്പിച്ച നബി (സ്) യെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെ യ്യുക. എന്നാല്‍ അവിടുത്തെ ഉപദേശങ്ങളെ അവഗണിച്ച് കൊണ്ട് അവയിലൊന്നും യാതൊരു അതിരു കവിയലും വരാതെ സൂക്ഷിക്കുക.

പ്രവാചകാനുചരന്മാരെ സ്നേഹിക്കുകയും ആദരിക്കുകയും നമ്മുടെ ജീവിതത്തില്‍ അവരുടെ വിശുദ്ധപാത പിന്‍തുടരുകയും ചെയ്യുക.

മുഹമ്മദ് നബി (സ്വ) ക്കും മറ്റു പ്രവാചകന്മാര്‍ക്കും അനുഗ്രഹത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. (അഥവാ സ്വലാത്ത് ചൊല്ലുക.)

നബി (സ്വ) യിലൂടെ ലോകം ശ്രവിച്ച വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച അവന്റെ വചനവും മുഹമ്മദ് നബി (സ്വ) ക്ക് നല്‍കപ്പെട്ട മഹത്തായ ദൈവിക ദൃഷ്ടാന്തവുമാണ് എന്ന് അംഗീകരിക്കുക.

അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്‍റ ദൂതനാണന്നും മനസ്സറിഞ്ഞ് പ്രഖ്യാപിക്കുന്നതിലൂടയൊണ് ഒരാള്‍ മുസ്ലിമാവുന്നത്. സര്‍വ്വ പ്രവാചകന്മാരും പഠിപ്പിച്ച സമര്‍പ്പണത്തിന്‍റ (ഇസ്ലാം) സന്ദേശമാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമായതും .

അല്ലാഹു പറഞ്ഞു: വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നു കിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു. (3. 18,19)

ലോകത്ത് പല പ്രത്യയശാസ്ത്രങ്ങളും, മതങ്ങളും മതേതര പ്രസ്ഥാനങ്ങളുമുണ്ട്. അവക്കെല്ലാം അനുയായികളുമുണ്ട്. ഓരോ വിഭാഗം ആളുകളും അവരവർ ഉൾക്കൊള്ളുന്ന ആശയം അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവുന്നു. എന്നാൽ ആ സമുഹത്തിലെ ഓരോ വ്യക്തിയെയും ചൂഴ്ന്ന് നിൽക്കുകയും അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും വെളിച്ചം വീശുകയും ചെയ്യുന്ന ആദർശങ്ങൾ ഇല്ല എന്നു തന്നെ പറയാം.

മനുഷ്യന് ഈ ലോകത്ത് മനുഷ്യനായി ജീവിക്കുകയും മരണാനന്തരം സ്വർഗീയ സുഖം കരസ്ഥമാക്കുകയും ചെയ്യണ മെന്നാണതിന്റെ മൂല സിദ്ധാന്തം. വ്യക്തിപരവും കുടുംബ പരവും സാമൂഹികവും രാഷ്ട്രീയവും രാഷ്ട്രാന്തരീ യവുമായ പ്രശനങ്ങൾ അതു കൈകാര്യം ചെയ്യുന്നു. ഒരാളുടെ ദൈനം ദിന ജീവിതത്തിൽ കൃത്യമായും കണിശമായും ഇസ്ലാം ഇടപെടുന്നു. ആർക്കും പിടികിട്ടാത്ത ഉട്ടോപ്യ അല്ല. ഇത് പച്ചയായ മനുഷ്യന്റെ ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളെ ജീവിത ഗന്ധിയായി സ്പർശിക്കുകയും അവിടെയൊക്കെ തന്നെ നെറിയും നെറികേടും ധർമവും അധർമവും വ്യതിരിക്തമായി വരച്ച് കാണിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ന് മുസ്ലീം സമൂഹത്തിലുള്ള പലരും പ്രവാചകൻ മുഹമ്മദ് നബി (സ)യെ മനസിലാക്കുന്നതിൽ പോലും ധാരാളം വീഴ്ചകൾ വരുത്തിയിട്ടുണ്ട്.
റോഡുകളും വഴികളും തടസ്സം ചെയ്യലും മലിനീകരണം സൃഷ്ടിക്കലും മഹാനായ പ്രവാചകൻ വിലക്കിയ കാര്യ
ങ്ങളിൽ പെട്ടതാണ്. പ്രവാചകൻ ലോകർക്ക് കാരുണ്യ മായിക്കൊണ്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത് എന്ന യാഥാർത്ഥ്യം വിസ്മരിക്കുകയും ചെയ്യുന്നു.

ഡോ: ഹാഫിസ് ജലാലുൽ ഹഖ് സലഫി ആമയൂർ

NO COMMENTS