തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ തുടരുമെങ്കിലും പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. കയര്‍, കശുവണ്ടിയടക്കം വ്യവസായസ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ കവിയാത്ത തൊഴിലാളി കളെ നിയോഗിച്ച് പ്രവര്‍ത്തനമാരംഭിക്കാമെന്നതാണ് ഇതില്‍ പ്രധാനം.
ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ അടിസ്ഥാനജനവിഭാഗത്തെ സംബന്ധിച്ച് ആശ്വാസം പകരുന്ന നീക്കമാണിത്. വ്യവസായസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങള്‍, കടകള്‍ എന്നിവക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് വരെ തുറക്കാം.
ബാങ്കുകളുടെ പ്രവര്‍ത്തനസമയം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകളുടെയടക്കം വിതരണം ആരംഭിക്കാനിരിക്കെ ഇത് തിരക്കുകുറയാന്‍ ഇടയാക്കും.
പാഴ്വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം അത് മാറ്റാന്‍ അനുവദിക്കും. പോസ്റ്റ് ഒാഫിസുകളില്‍ പണമടക്കാന്‍ ആര്‍.ഡി കലക്ഷന്‍ ഏജന്‍റുമാര്‍ക്ക് തിങ്കളാഴ്ചകളില്‍ യാത്രാനുമതിയുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ആഴ്ചയില്‍ ഇവര്‍ക്ക് രണ്ടുദിവസം അനുമതിയെന്ന് അറിയിച്ചിരു ന്നെങ്കിലും ഇളവുകള്‍ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ തിങ്കളാഴ്ച മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഒാഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജോലിയില്‍ പ്രവേശിക്കാം. അല്ലാത്തവര്‍ക്ക് സമയം നീട്ടി നല്‍കും. പാഠപുസ്തകങ്ങള്‍, വിവാഹാവശ്യത്തിനുള്ള വസ്ത്രങ്ങള്‍, സ്വര്‍ണം, ചെരിപ്പ് എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങില്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. നേരേത്തയുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദനീയമായ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ സമയം പാലിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
അതേസമയം, മൊബൈല്‍, ലാപ് ടോപ് സര്‍വിസ് സെന്‍ററുകള്‍ക്കും വില്‍പനശാലകള്‍ക്കും നിലവില്‍ ശനി, ചൊവ്വ ദിവസങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഓൺലൈൻ ക്ലാസുകളടക്കം ആരംഭിക്കാനിരിക്കെ മൊബൈല്‍ ഫോണുകള്‍ നന്നാക്കുന്നതിനും മറ്റും നിരവധി പേരാണ് കാത്തിരിക്കുന്നത്. ശനിയാഴ്ച കടകള്‍ തുറന്നെങ്കിലും വലിയ തിരക്കുണ്ടായി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ദിവസം പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് കടയുടമകളില്‍നിന്നും ഉപഭോക്താക്കളില്‍നിന്നും ആവശ്യമുയരുന്നുണ്ട്.