തിരുവനന്തപുരം: ജോലി നഷ്ടമായ താത്കാലിക കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായെന്ന് സമരസമിതി വ്യക്തമാക്കി. ഗതാഗത, നിയമ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ജോലി നഷ്ടമായവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജോലി നഷ്ടമായ താത്കാലിക കണ്ടക്ടര്‍മാര്‍ ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയിട്ടും സര്‍ക്കാര്‍ അനങ്ങാത്ത സാഹചര്യത്തിലായിരുന്നു ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ടക്ടര്‍മാരുടെ സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഹൈക്കോടതി വിധിക്ക് ലംഘനമാകാത്ത വിധത്തില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് കണ്‍വീനര്‍ ഉറപ്പ് നല്‍കി. ഇതിനെത്തുടര്‍ന്ന് ക്ലിഫ് ഹൗസ് മാര്‍ച്ച് മാറ്റിവച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം കാണും വരെ പ്രതിഷേധം തുടരുമെന്ന് കണ്ടക്ടര്‍മാര്‍ വ്യക്തമാക്കി.
എന്നാല്‍ ഏത് വിധത്താലാകും തൊഴില്‍ നല്‍കുകയെന്ന് വ്യക്തമായിട്ടില്ല. 10 വര്‍ഷം പൂര്‍ത്തിയാക്കുകയും വര്‍ഷം 120 ഡ്യൂട്ടി ചെയ്യുകയും ചെയ്ത താത്കാലിക്കാരെ സ്ഥിരപ്പെടുത്തിയ ചരിത്രമുണ്ട്. ഇപ്പോള്‍ ജോലി നഷ്ടമായവരില്‍ 1261പേര്‍ ഇത്തരത്തിലുളളവരാണ്. ഇവര്‍ക്ക് സ്ഥിര നിയമനവും മറ്റുളളവര്‍ക്ക് താല്‍ക്കാലിക നിയമനവും നല്‍കണമെന്നാണ് കണ്ടക്ര്‍ടമാരുടെ ആവശ്യം. നേരത്തെ കണ്ടക്ടര്‍മാരുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 3861 താത്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.