കോഴിക്കോട് : ദേശീയപാത പാവങ്ങാട് മുതല്‍ കോരപ്പുഴ വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തി സംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്നു. റോഡ് പുനരുദ്ധാരണ പ്രവൃത്തിക്കൊപ്പം ജൈക്ക പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ത്വരിതപ്പെടുത്തി നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് കട്ടിംഗിനുള്ള അപേക്ഷയില്‍ പുനരുദ്ധാരണത്തിന് വേണ്ടി തുക അടക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗം രാധാകൃഷ്ണന്‍, നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വിനയരാജ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. നാരായണന്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.