കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ തൃപ്തികരമായാണ് നടക്കുന്നതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൊറോണ പ്രതിരോധ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലായിടത്തും സൂക്ഷമമായ നിരീക്ഷണമുണ്ട് ആശങ്കപെടേണ്ട സാഹചര്യമില്ല.
ജില്ലയില്‍ 101 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 99 പേര്‍ വീടുകളിലും രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശു പത്രിയിലുമാണ്. നിരീക്ഷണത്തിലുള്ളവര്‍ 96 പേര്‍ ചൈനയില്‍ വന്നവരാണ് അഞ്ച് പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് . ഇവരില്‍ ആറു പേര്‍ രോഗം ആദ്യം കണ്ടെത്തിയ വുഹാനില്‍ നിന്നുള്ളവരാണ്. കൊറോണ പോസിറ്റീവായി കണ്ട ഒരു രോഗിയുടെ നില തൃപ്തികരമാണ്. എങ്കിലും രണ്ടു തവണ ഇയാളുടെ സാമ്പിള്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ ചികിത്സയില്‍ തുടരും. ചൈനയില്‍ നിന്നും ഇതര കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയവരുടെ നിരീക്ഷണം വീടുകളില്‍ തുടരും.
വിനോദ സഞ്ചാരികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. സംശയകരമായ സാഹചര്യത്തിലുള്ളവരെ കണ്ടെത്തിയാല്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡപ്യൂട്ടി ഡി എം ഒ ഡോ.രാംദാസ,് ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ.എ.ടി മനോജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, എ ഡി എം എന്‍ ദേവീദാസ് ,സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പരിശേധനയ്ക്ക് അയച്ച 24 സാമ്പിളുകളില്‍ 20 സാമ്പിളുകളും നെഗറ്റീവ്
24 സാമ്പിളുകള്‍ പരിശാേധനയ്ക്ക് അയച്ചതില്‍ 20 പേരുടെയും റിസള്‍ട്ട് നെഗറ്റീവാണ്. ഇതില്‍ ഒരാളുടെ സാമ്പിള്‍ മാത്രമാണ് പോസിറ്റീവായി കണ്ടത്. കൊറോണ പോസിറ്റീവായ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 175 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആര്‍ക്കും രോഗലക്ഷങ്ങളില്ലെന്ന് ജില്ലാ സര്‍വലെന്‍സ് ഓഫീസര്‍ ഡോ.എ.ടി മനോജ് പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 56 പേര്‍ കേരളത്തിലും 36 പേര്‍ ഇതര സംസ്ഥാനങ്ങളിലുള്ളവരുമാണ്. കൊറോണ നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ജന സമ്പര്‍ക്കം ഒഴിവാക്കണം.
അവരുടെ കുട്ടികള്‍ താത്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകരുത്. കൊറോണ സാധ്യത മേഖലകളില്‍ നിന്ന് എത്തിയവരെ ബന്ധപ്പെടുന്നവരും ജാഗ്രത പാലിക്കണം: ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ 994600493 അറിയിക്കണം. നിലവില്‍ ജില്ലയില്‍ ചൈനയില്‍ നിന്നു വന്ന ടൂറിസ്റ്റുകളില്ല. കൊറോണ ബാധിതമായ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളേയും നിരീക്ഷിക്കും രോഗം പരത്താന്‍ സാധ്യതയുള്ള വവ്വാല്‍ മരപ്പട്ടി പോലുള്ള മൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ മൃഗ സംരക്ഷണ വകുപ്പും നിര്‍ദ്ദേശം നല്‍കി.