തിരുവനന്തപുരം : വലിയതുറ മേഖലയിൽ രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് വീടുകൾ തകർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. വലിയതുറയിലെ തുറമുഖ വകുപ്പിന്റെ ഗോഡൗണുകൾ സന്ദർശിച്ച മന്ത്രി അത്യാവശ്യ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ തുറമുഖ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.
വലിയതുറ ലത്തീൻ കത്തോലിക്കാപള്ളി വികാരിയെയും മന്ത്രി സന്ദർശിച്ചു. കടലാക്രമണമുണ്ടായ സ്ഥലങ്ങൾ മന്ത്രി നേരിട്ട് കണ്ടു. തുറമുഖ വകുപ്പ് ഡയറക്ടർ കെ.ടി വർഗീസ് പണിക്കർ, വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ. ജയകുമാർ, തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ജോൺ കെന്നഡി എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.