തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

214

ദില്ലി: തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌ കേന്ദ്രം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് കാരണം. അതേ സമയം അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള ശ്രമത്തിനെതിരെ നിയമപോരാട്ടവും സമരവും തുടരാനാണ് സമരസമിതി തീരുമാനം.ആറ് വിമാനത്താവളങ്ങളുടേയും ലേലത്തില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്.

സാമ്ബത്തിക ടെണ്ടറുകള്‍ പരിശോധിച്ചശേഷം ലെറ്റര്‍ ഓഫ് ഓര്‍ഡര്‍ നല്‍കാനുള്ള അന്തിമനടപടിമാത്രമാണ് ബാക്കിയുള്ളത്. പക്ഷെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്ബുള്ള മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രം തീരുമാനമെടുത്തില്ല. സര്‍ക്കാര്‍ അംഗീകാരത്തിന്ശേഷം മാത്രമേ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അദാനിക്ക് അനുമതിപത്രം നല്‍കാനാകൂ.
പെരുമാറ്റച്ചട്ടം മാത്രമല്ല രാഷ്ട്രീയകാരണങ്ങളും കേന്ദ്ര നിലപാടിന്‍റെ കാരണമായി എന്നാണ് സൂചന. കേരളത്തില്‍ സ്വകാര്യവല്‍ക്കരണം വലിയ രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു.

യുഡിഎഫും എല്‍ഡിഎഫും അദാനിയുടെ കേന്ദ്ര ബന്ധം ഉയര്‍ത്തിയുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ആറ് കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മാത്രമല്ല അന്തിമതീരുമാനം കോടതി തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് കേന്ദ്രതീരുമാനം. അതേസമയം നടപടി നിര്‍ത്തിവെച്ചാലും സമരസമിതി എതിര്‍നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്

NO COMMENTS