ദില്ലി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ബുധനാഴ്ചയും സാധിച്ചില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബില്ല് അവതരിപ്പിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. കാവേരി വിഷയം ഉന്നയിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ ബഹളം വച്ചതും ബില്ല് അവതരണത്തിന് തിരിച്ചടിയായി. രാവിലെ അവതരിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ബഹളംകാരണം ഉച്ചയ്ക്ക് രണ്ടുമണി വരെ പിരിഞ്ഞു. പിന്നീട് ചേര്‍ന്നെങ്കിലും ബഹളം ശക്തമായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച 11 മണി വരെ പിരിഞ്ഞത്. വ്യാഴാഴ്ചയും രാജ്യസഭ ബഹളത്തില്‍ മുങ്ങുമെന്നാണ് സൂചനകള്‍.
ലോക്‌സഭ കഴിഞ്ഞാഴ്ച ബില്ല് പാസാക്കിയിരുന്നു. രാജ്യസഭ കൂടി കടക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്താലാണ് ബില്ല് നിയമമാകുക. പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കഴിഞ്ഞ തിങ്കളാഴ്ച ബില്ലിന്‍മേല്‍ ചര്‍ച്ച ആരംഭിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ബഹളത്തെ തുടര്‍ന്ന് സാധിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണി വരെ നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും ബഹളം കാരണം ചര്‍ച്ച നടന്നില്ല. തുടര്‍ന്നാണ് സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞത്.
ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സെലക്‌ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാക്കള്‍ പ്രത്യേക യോഗം ചേരുകയും ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.