ന്യൂഡല്‍ഹി: 2017 ഡിസംബറില്‍ മോദിസര്‍ക്കാര്‍ ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ച് പാസാക്കി. എന്നാല്‍, ബില്‍ രാജ്യസഭയില്‍ പാസായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ മേഖലകളില്‍ ബി.ജെ.പി.യുടെ പ്രധാന പ്രചാരണായുധമായിരുന്നു മുത്തലാഖ് ബില്‍. 2017 ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 2018 സെപ്റ്റംബറിലും 2019 ഫെബ്രുവരിയിലുമായി രണ്ടുവട്ടം ഓര്‍ഡിനന്‍സ് പാസാക്കി.
പതിനാറാം ലോക്‌സഭയുടെ കാലാവധി അവസാനിച്ചതോടെ ബില്‍ ലാപ്‌സായി. അതുകൊണ്ടാണ് പുതിയ ബില്‍ അവതരിപ്പിക്കേണ്ടത് അനിവാര്യമായത്. നിലവിലുള്ള ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളാണ് ബില്ലിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബില്‍വ്യവസ്ഥകളില്‍ തുടക്കംമുതല്‍ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ബില്ലിനെ എതിര്‍ക്കാതെ ബില്‍ വ്യവസ്ഥകളെ എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം.
ബില്‍വ്യവസ്ഥയനുസരിച്ച് മുത്തലാഖുവഴി വിവാഹമോചനം നടത്തുന്നത് ക്രിമിനല്‍ക്കുറ്റമാണ്. മൂന്നുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാം. തലാഖ്-ഇ-ബിദ്ദത്തോ മറ്റുരീതികളിലുള്ള മുത്തലാഖോ ബില്‍ അനുസരിച്ച് കുറ്റമാണ്. വാമൊഴിയിലൂടെയോ രേഖാമൂലമോ ഇലക്‌ട്രോണിക് മാര്‍ഗങ്ങളിലൂടെയോ ഉള്ള തലാഖുകള്‍ നിയമംമൂലം കുറ്റകരമാകും.
മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാണെന്നായിരുന്നു ആദ്യ ബില്ലിലെ വ്യവസ്ഥ. പ്രതിപക്ഷം കടുത്ത എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് ഈ വ്യവസ്ഥയില്‍ മാറ്റംവരുത്തി. 2018 ഓഗസ്റ്റ് 29-നാണ് കേന്ദ്രമന്ത്രിസഭ ബില്ലില്‍ ജാമ്യവ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ജാമ്യം നല്‍കാനുള്ള അധികാരം മജിസ്‌ട്രേറ്റിനുനല്‍കി. മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ വാദം കേട്ടശേഷം മജിസ്‌ട്രേറ്റിനു ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാം. മൊഴിചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുവിനോമാത്രമേ പരാതിനല്‍കാന്‍ കഴിയൂ എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി.
മൊഴിചൊല്ലപ്പെട്ട സ്ത്രീക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. എന്നാല്‍, മുത്തലാഖിനെത്തുടര്‍ന്ന് ജയിലിലാകുന്ന ഭര്‍ത്താവ് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
എന്‍.ഡി.എ.ക്ക് കൃത്യമായ മുന്‍തൂക്കമുള്ള ലോക്‌സഭയില്‍ ബില്‍ പതിവുപോലെ പാസാകുമെങ്കിലും പ്രതിപക്ഷത്തിന് ഇപ്പോഴും ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്ലിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല.