കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുൻപന്തിയിലാണ്. കേരളം എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവർ ഉറ്റുനോക്കുന്നു. സർക്കാർ നയത്തിന്റെ ഭാഗം കൂടിയാണത്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. മോഡേൺ മെഡിസിൻ, ആയർവേദം, ഹോമിയോ എന്നീ മേഖലകളിൽ ഇനിയും കൂടുതൽ ഗവേഷണം നടക്കണം.
കേരളത്തിന് വിപുലമായ ഡേറ്റാ ശേഖരമാണുള്ളത്. ഈ ഡേറ്റകൾ കൃത്യമായി ഉപയോഗിക്കണം. ഇത് നല്ല രീതിയിൽ പ്രോത്സാഹി പ്പിച്ച് മുന്നോട്ട് പോകണം. ഹോമിയോപ്പതി മേഖലയിൽ പുതിയ പഠനങ്ങളും ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്നതിനാണ് ‘ഹാർട്ട്’ എന്ന പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഹാർട്ട് പദ്ധതിയുടെ ഉദ്ഘാടനവും ഒപ്പം ത്രൈമാസികയുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് രോഗ പ്രതിരോധത്തിന് ഹോമിയോപ്പതിക്ക് പ്രധാന സ്ഥാനം നൽകിയിരുന്നു. കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥകൾ ഉൾപ്പെടെ ഏതൊക്കെ തലങ്ങളിൽ ഇടപെടാൻ കഴിയുമെന്ന് നോക്കണം. ചികിത്സയിലും ഗവേഷണം ആവശ്യമാണ്. ഔഷധ സസ്യങ്ങളുടെ ഉത്പാദനത്തിന് ഔഷധകൃഷി പ്രോത്സാഹിപ്പിക്കണം. ഈ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. ലോകത്തിന് മാതൃകയാകാൻ ഹോമിയോ സമൂഹത്തിന് കഴിയണം. അതിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നതായും മന്ത്രി വ്യക്തമാക്കി.
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എസ്.എം. വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസർ ഡോ. സുനിൽരാജ്, എൻ.എ.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. പി.ആർ. സജി, ഡോ. ആർ. ജയനാരായണൻ എന്നിവർ പങ്കെടുത്തു.