ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നേമം മണ്ഡലത്തിൽ ലോക്സഭാംഗം കൂടിയായ കെ.മുരളീധരനെ മത്സരിപ്പിക്കാൻ തീരുമാനമായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മുരളിയെ നേരത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. നേരത്തെ, ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും അദ്ദേഹം തന്നെ അതിന് വിരാമിട്ടിരുന്നു.
തർക്കങ്ങൾക്കും ആശങ്കകൾക്കും നാടകീയതകൾക്കും വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമായെന്ന് സൂചന. ദിവസങ്ങളായി നടന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം, രാജ്യതലസ്ഥാനത്ത് തങ്ങുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സ്ഥാനാർഥി നിർണയം അന്തിമമായത്.
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. പട്ടാമ്പി, നിലമ്പൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാകും കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കുക. ഉമ്മൻ ചാണ്ടിയുടെ സമ്മർദ ഫലമായി കെ.ബാബുവിന് തൃപ്പൂണിത്തുറയിൽ സീറ്റ് നൽകാൻ ധാരണയായതായും റിപ്പോർട്ടുകളുണ്ട്.
ഒപ്പം, കൊല്ലത്ത് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ മത്സരിക്കുമെന്നും ഏറെക്കുറെ ഉറപ്പായി. ബിന്ദുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് തീരദേശ തൊഴിലാളികൾ ഇന്ന് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച് ഉറപ്പ് ലഭിച്ചുവെന്നും പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് അറിയിച്ചുവെന്നും ബിന്ദു കൃഷ്ണ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇതിനു, പുറമേ പി.സി.വിഷ്ണുനാഥിനെ കുണ്ടറയിലും കെ.പി.അനിൽ കുമാറിനെ വട്ടിയൂർക്കാവിലും മത്സരിപ്പിക്കാൻ തീരുമാനമായെന്നാണ് വിവരം.