അടുത്ത രണ്ട് വര്‍ഷത്തെ വൈദ്യുതി നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

164

തിരുവനന്തപുരം: അടുത്ത രണ്ട് വര്‍ഷത്തെ വൈദ്യുതി നിരക്കുകള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. വ്യവസായങ്ങള്‍ക്കും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്കും നിരക്ക് കുറയുന്ന രീതിയിലാണ് വൈദ്യുതി ബോര്‍ഡിന്‍റെ ശുപാര്‍ശ. 1101.72 കോടി രൂപയുടെ നിരക്ക് വര്‍ധന ഇക്കൊല്ലവും 700.44 കോടിയുടെ വര്‍ധന അടുത്ത വര്‍ഷവും നടപ്പാക്കണമെന്നതാണ് വൈദ്യുതി ബോര്‍ഡിന്‍റെ ആവശ്യം. അടുത്ത നാല് വര്‍ഷത്തെ പ്രതീക്ഷിത വരവ്-ചെലവ് കണക്കുകളും ഇതോടൊപ്പം ബോര്‍ഡ് റഗുലേറ്ററി കമീഷന് സമര്‍പ്പിച്ചു. ഇതില്‍ പരിശോധനയും തെളിവെടുപ്പും പൂര്‍ത്തിയാക്കി നിരക്ക് പ്രഖ്യാപിക്കുന്നതിലേക്ക് കടക്കുകയാണ് വൈദ്യുതി റെഗുലേറ്ററി കമീഷന്‍.200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളുടെ നിരക്ക് ഇക്കൊല്ലം യൂനിറ്റിന് 10 മുതല്‍ 80 പൈസ വരെയാണ് വര്‍ധിപ്പിക്കാനാണ് വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ. അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കൊല്ലവും അടുത്ത വര്‍ഷവും നേരിയ വര്‍ധന മാത്രം.

350 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കൊല്ലം അഞ്ച് പൈസ കുറയും. അടുത്ത വര്‍ഷവും കൂടില്ല. 500ന് മുകളില്‍ ഉപയോഗിക്കുന്നവരുടെ യൂനിറ്റ് വില ഇക്കൊല്ലം 7.50 രൂപയില്‍ നിന്ന് 6.90 രൂപയായി 60 പൈസ വീതം കുറയ്ക്കാനാണ് നിര്‍ദേശം.വ്യവസായങ്ങളുടെ നിരക്ക് യൂനിറ്റിന് ഇക്കൊല്ലം 5.50 രൂപയില്‍ നിന്ന് അഞ്ച് രൂപയായും അടുത്ത വര്‍ഷം 4.50 രൂപയായും കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി നിരക്കിന് പുറമെ ഫിക്സഡ് ചാര്‍ജും വ്യവസായ മേഖലയിലെ ഡിമാന്‍റ് ചാര്‍ജും വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ബോര്‍ഡ് ശുപാര്‍ശ റെഗുലേറ്ററി കമ്മീഷന്‍ അതേപടി അംഗീകരിക്കാറില്ല. അതേസമയം നിരക്ക് വര്‍ദ്ധന വേണ്ടെന്ന ബോര്‍ഡിന്‍റെ ശുപാര്‍ശ തള്ളി കമ്മീഷന്‍ സ്വമേധയാ നിരക്ക് കൂട്ടിയ ചരിത്രവും ഉണ്ട്.

NO COMMENTS