കാക്കനാട്: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിക്ക് ഇന്ന് ( 23-07) ജില്ലയിൽ തുടക്കം. പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി.
പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ചേർന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് കളക്ടറുടെ നിർദ്ദേശം. ഇന്ന് ഉച്ചക്ക് 2 ന് തൃക്കാകര നഗരസഭാ പരിധിയിൽ നിന്ന് പരിശോധനക്ക് തുടക്കം കുറിക്കും. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന നടത്തും. ഭക്ഷണ പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും. കാർഡില്ലാത്തവർക്ക് അഞ്ച് ദിവസം സമയമനുവദിക്കും.
ഭക്ഷണം മോശമാണെങ്കിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും. ആഴ്ചയിൽ മൂന്ന് ദിവസം രാത്രി കാലങ്ങളിലടക്കമാണ് പരിശോധന. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും. റവന്യൂ- ഫുഡ് സേഫ്റ്റി – സിവിൽ സപ്ലൈസ് – ആരോഗ്യ- പോലീസ് വകുപ്പുദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട തദ്ദേശ ഭരണ ജീവനക്കാരും പരിശോധനാ സംഘത്തിലുണ്ട്. യോഗത്തിൽ ഡപ്യൂട്ടി കളക്ടർ പി.ഡി ഷീലാദേവി, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസൻ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു