ആലുവ : ആലുവയില്‍ മുസ്ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും സിപിഐ എമ്മിലേക്ക്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കടുങ്ങല്ലൂര്‍ പഞ്ചായത്ത് നാലാംവാര്‍ഡ് മെമ്പർ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകരായ ഏഴുപേര്‍ രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി പി രാജീവ്, ലീഗില്‍നിന്ന് രാജിവച്ചുവന്നവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നതിനിടയിലാണ് രാജീവ് കണിയാംകുന്ന് ചാമപ്പറമ്ബില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കിയത്.
മുസ്ലിംലീഗ് കിഴക്കേ കടുങ്ങല്ലൂര്‍ ശാഖ പ്രസിഡന്റ് മനാഫ്, ലീഗ് വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ മജീദ്, ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍ അബ്ദുല്‍ മുനീര്‍, നാലാംവാര്‍ഡ് ശാഖ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, ശാഖ കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ്, പ്രവര്‍ത്തകരായ അബ്ദുല്‍ ലത്തീഫ്, നാദിര്‍ഷ എന്നിവരാണ് ജലീലിനൊപ്പം ലീഗ് വിട്ടത്.