ന്യൂഡല്‍ഹി: ജെഎന്‍യുവിൽ ജനുവരി അഞ്ചിന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് അക്രമം നിയന്ത്രിച്ചെന്ന് കരുതുന്നവരുടെ ഫോണുകള്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത് . യൂണിറ്റി എഗനിസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും സമണ്‍സ് അയക്കണം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ ഹാജരാക്കണമെന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതും സംഘടിതവുമായിരുന്നു ആക്രമണം. അക്രമ സംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്നും അതു നശിപ്പിക്കപ്പെടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവ അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിര്‍ണായക തെളിവുകളും ദൃശ്യങ്ങളും ഫോണ്‍ നമ്ബറുകളും കൈമാറിയിട്ടുണ്ടെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.