പിറവം പള്ളി വിവാദം – ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കകത്തും യാക്കോബായ വിഭാഗം പള്ളിക്ക് പുറത്തും പ്രാര്‍ഥന നടത്തി.

150

കൊച്ചി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ഥന നടത്തി. യാക്കോബായ വിഭാഗം പള്ളിക്ക് പുറത്തും പ്രാര്‍ഥന നടത്തി. പോലീസ് ശക്തമായ സുരക്ഷ ഒരുക്കി. യാക്കോബായ വിഭാഗം നേരിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് ഇടപെട്ടു ശാന്തമാക്കി. യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധ സൂചകമായി നടുറോഡിലാണ് പ്രാര്‍ഥന സംഘടിപ്പിച്ചത്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഹൈക്കോടതി വിധി നടപ്പാക്കിയത്. യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയെങ്കിലും പോലീസ് പൂട്ട് പൊളിച്ച്‌ അകത്ത് കയറി. പള്ളിയില്‍ തമ്ബടിച്ചിരിക്കുന്ന യാക്കോബായ വിഭാഗത്തെ പുറത്താക്കി. നിലത്ത് കിടന്ന് പ്രതിഷേധിച്ച വൈദികരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം കളക്ടറും എസ്പിയും ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരക്കാര്‍ പോലീസുമായി സഹകരിച്ചത്. നിലവില്‍ കളക്ടറുടെ നിയന്ത്രണത്തിലാണ് പള്ളി.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി നടപ്പാക്കി വ്യാഴാഴ്ച ഒന്നേ മുക്കാലോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്. രാവിലെ തന്നെ പോലീസ് എത്തുമെന്ന വിവരം അറിഞ്ഞ യാക്കോബായ വിഭാഗം പള്ളിയില്‍ തമ്ബടിച്ചിരുന്നു. ഗേറ്റ് അടയ്ക്കുകയും ചെയ്തു. പള്ളിയിലും പരിസരത്തുമുള്ള എല്ലാ യാക്കോബായ വിഭാഗക്കാരെയും ഒഴിവാക്കി പള്ളി കളക്ടര്‍ ഏറ്റെടുക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.

ബുധനാഴ്ച പള്ളിയില്‍ കയറി യാക്കോബായ വിഭാഗത്തെ പുറത്താക്കാന്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഹൈക്കോടതി കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. ഒടുവില്‍ കളക്ടര്‍ വൈദികരുമായി ചര്‍ച്ച നടത്തുകയും ശേഷം വൈദികര്‍ അറസ്റ്റ് വരിക്കുകയുമായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസമനുസരിച്ച്‌ മുന്നോട്ട് പോകണമെന്നാണ് സുപ്രീംകോടതി വിധി.

NO COMMENTS