പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ സ്വകാര്യബസ‌് കണ്ടക്ടര്‍ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു.

131

ശാസ്താംകോട്ട : തിങ്കളാഴ‌്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കുന്നത്തൂര്‍ സ്വദേശിനിയായ പതിനേഴുകാരിയാണ‌് ആക്രമണത്തിനിരയായത‌്. സ‌്ക്രൂഡ്രൈവര്‍ കൊണ്ടുള്ള കുത്തേറ്റ‌് അടിവയറ്റില്‍ മാരകമായി മുറിവേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഭരണിക്കാവ് ആയിക്കുന്നം ചരണിക്കല്‍ വീട്ടില്‍ അനന്ദു (22) ഒളിവിലാണ‌്.കൊട്ടാരക്കര ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ‌് അനന്ദു.

ബസിലെ സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടി അനന്ദുവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ‌് സംഭവമെന്ന‌് പൊലീസ‌് പറഞ്ഞു. കൃത്യത്തിനുശേഷം ഭരണിക്കാവിലെ ലോഡ്ജില്‍ തങ്ങിയ പ്രതി പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി മുങ്ങി.

വീടിന്റെ ടെറസിലൂടെ മുറിയില്‍ കയറിയ അനന്ദു ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. അടിവയറ്റില്‍ മൂന്നിടത്ത‌് കുത്തേറ്റു. നിലവിളി കേട്ട് അച്ഛനമ്മമാര്‍ അടുത്ത മുറിയില്‍നിന്ന‌് എത്തുമ്ബോഴേക്കും പ്രതി രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ ഉടന്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന‌് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും എത്തിച്ചു. പെണ്‍കുട്ടി അപകടനില തരണംചെയ‌്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലം റൂറല്‍ എസ‌്‌പി ഹരിശങ്കര്‍, കൊട്ടാരക്കര ഡിവൈഎസ‌്‌പി നാസറുദീന്‍, ശാസ്താംകോട്ട സിഐ വി എസ് പ്രശാന്ത്, എസ്‌ഐ ഷുക്കൂര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

NO COMMENTS