മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായ എൻ. കുമാരനാശാൻ 1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ജനിച്ചത്. ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.
കുമാരുവിനു ബാല്യകാലത്ത് പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാന്റെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപ്പെട്ടിരുന്നു.
പുരാണേതിഹാസങ്ങളിലൊക്കെ തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചതാണ്.
അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു.കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാനിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു വേഗം വായിച്ചു തീർക്കുമായിരുന്നു.
കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.
തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ് “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ: സുബ്ര്യമണ്യ സ്വാമിക്ഷേത്രത്തിൽ പൂജാരിയായി.
1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ – എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. പ്രധാന ലേഖനങ്ങൾ ലീല ,വീണപൂവ് ,നളിനി ,ചണ്ഡാലഭിക്ഷുകി,ദുരവസ്ഥ
കരുണ,പ്രരോദനം
അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു.