മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ രുക്മിണി മരിച്ചു. ഭര്‍ത്താവ് മന്‍ഗേഷ് 50 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷമാണ് രണ്ട് ജാതികളില്‍പ്പെട്ട മന്‍ഗേഷ് രണ്‍സിങ്ങും രുക്മിണി രണ്‍സിങ്ങും വിവാഹിതരായത്. രുക്മിണിയുടെ ബന്ധുക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ നഗരത്തില്‍ നിന്നും അല്പം അകലെ മാറിയാണ് ഇരുവരും വിവാഹിതരായത്. രുക്മിണിയുടെ അമ്മ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവര്‍ക്കും വീട്ടുകാരില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 30ന് ഇരുവരും തമ്മില്‍ നിസാരകാര്യത്തിന് വഴക്കുണ്ടാകുകയും, രുക്മിണി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് മെയ് ഒന്നിന് ഭാര്യയെ വിളിച്ചുകൊണ്ടു പോകാന്‍ മന്‍ഗേഷ് എത്തിയപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തു.
ഇതോടെ മന്‍ഗേഷും രുക്മിണിയുടെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതില്‍ രോഷം പൂണ്ട രുക്മിണിയുടെ അമ്മാവന്‍ ദമ്ബതികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ഇരുവരെയും കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ രുക്മിണി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.