രാഷ്ട്രപതി ദ്രൗപദി മുർമു ഐ.എൻ.എസ്. ദ്രോണാചാര്യക്ക് “പ്രസിഡന്റ്സ് കളർ’ സമ്മാനിച്ചു . സമാധാനത്തിലും യുദ്ധത്തിലും രാഷ്ട്രത്തിന് നൽകിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായാണ് സൈനിക വിഭാഗങ്ങൾക്ക് പ്രസിഡന്റ്സ് കളർ നൽകുന്നത്. 1951 മെയ് 27-ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യൻ നാവികസേനയ്ക്ക് ആദ്യമായി പ്രസിഡന്റ്സ് കളർ സമ്മാനിച്ചു.
നിഷാൻ എന്ന് വിളിക്കുന്ന പ്രസിഡന്റ്സ് കളർ ഒരു പ്രത്യേക പതാകയാണ്. കൊടിമരവുമായി ബന്ധിപ്പിക്കുന്ന ഭാഗമൊഴികെ യുള്ളിടത്തെല്ലാം സ്വർണക്കരയും സ്വർണക്കിന്നരിയും തുന്നിയാണ് ഇതിനെ മനോഹരമാക്കിയിരിക്കുന്നത്. ദേശീയപതാകയ്ക്കൊപ്പം ഏത് വിഭാഗത്തിനാണോ പുരസ്കാരം ലഭിക്കുന്നത് അവരുടെ ചിഹ്നവും നേട്ടങ്ങളും പങ്കാളിത്തവും ഉൾപ്പെടുത്തിയാകും ഇത് രൂപ കൽപ്പന ചെയ്യുക. ഐ.എൻ.എസ്. ദ്രോണാചാര്യക്ക് ലഭിച്ച പ്രസിഡന്റ്സ് കളറിൽ നേവൽ എൻസൈനിനെപ്പോലെ ദേശീയപതാക, നാവികമുദ്ര, അശോകസ്തംഭം എന്നിവ ഉൾപ്പെടുത്തിയാണ് നിഷാൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സൈനിക വിഭാഗം, സൈനിക പരിശീലന കേന്ദ്രം, കേന്ദ്ര-സംസ്ഥാന പോലീസ് സേന എന്നിവയ്ക്ക് പരമോന്നത കമാൻഡ റായ രാഷ്ട്രപതി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഹിന്ദിയിൽ നിഷാൻ എന്ന് വിളിക്കുന്ന പ്രസിഡന്റ്സ് കളർ. ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ സൈനികാചാരങ്ങളുടെ നിറച്ചാർത്തിലായിരുന്നു പ്രസിഡന്റ്സ് കളർ സമ്മാനിച്ചത്