ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം മേയ് 26 ന് രാവിലെ 11.30ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ നമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
വനിതാ മന്ത്രിമാർ, വനിതാ സ്പീക്കർമാർ, വനിതാ ഡെപ്യൂട്ടി സ്പീക്കർമാർ, പാർലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗ ങ്ങൾ, സംസ്ഥാന നിയമസഭകളിലെയും ലെജിസ്ലേറ്റിവ് കൗൺസിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികർ തുടങ്ങി 120 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
27നു നടക്കുന്ന സമാപന സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.