സേലം:തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് ദളിത് യുവാവിനെ പ്രണയിച്ചതിന് മാതാപിതാക്കള്‍ മകളെ കൊന്ന ശേഷം ജീവനൊടുക്കിയതും നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്.
നെയ്ത്ത് തൊഴിലാളിയായ രാജ്‍കുമാര്‍ (43), ഭാര്യ ശാന്തി (32)എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മകള്‍ രമ്യ ലോഷിനിയെ (19) യും ഇവരോടൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ രമ്യയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെയാണ് അയല്‍വാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം കൂട്ട ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസും നാട്ടുകാരും. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് രമ്യയുടെത് ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നുണ്ടായ മരണമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണ വീട്ടിലെത്തിയിരുന്ന പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ട ഇയാള്‍ ബസ് ജീവനക്കാരനാണ്. ഇരുവരുടെയും പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി ഇയാള്‍ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പ്രണയത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് നടന്നിരുന്നതായി അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ രമ്യ കൊല്ലപ്പെടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. സേലത്തെ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രമ്യ. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ലോകനാഥ് സഹോദരനാണ്.