തിരുവനന്തപുരം: ചൊവ്വാഴ്ച ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്റി നരേന്ദ്ര മോദി ദര്‍ശനത്തിനും സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനുമായി 20 മിനിട്ട് ചെലവഴിക്കും. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തി അവിടെ ബി.ജെ.പി പൊതുസമ്മേളനത്തിലും പങ്കെടുത്ത് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തും. രാത്രി 7.20 മുതല്‍ 7.40 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവും.എസ്.പി.ജി ഡയറക്ടറും കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അരുണ്‍കുമാര്‍ സിന്‍ഹയ്ക്കാണ് സുരക്ഷാ ചുമതല. വടക്കേനട വഴിയാണ് പ്രധാനമന്ത്റി ദര്‍ശനം നടത്തുന്നത്.
ഇതുവഴി തന്നെയാകും മടക്കവും. പൊതുസമ്മേളനം ഇല്ലാത്ത സാഹചര്യത്തില്‍ ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസറുടെ മുറിയാണ് സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടന വേദിയായി നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് സുരക്ഷാ യോഗത്തിനു ശേഷമേ അന്തിമ തീരുമാനമാകൂ.ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്റി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്റി കടകംപള്ളി സുരേന്ദ്രന്‍, ശശി തരൂര്‍ എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത് എന്നിവരും പങ്കെടുക്കും.