കാസര്‍കോട് – ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്താന്‍ പദ്ധതി – ആദ്യഘട്ടത്തില്‍ അഞ്ചു നദികളില്‍ നടപ്പാക്കും – ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു

130

കാസര്‍കോട് – നദികളേറെയുണ്ടായിട്ടും വേനലാരംഭത്തില്‍ തന്നെ വരള്‍ച്ച ബാധിക്കുന്ന ജില്ലയില്‍ ജലക്ഷാമം നേരിടാന്‍ പദ്ധതി വരുന്നു. നദികളില്‍ സംഭരിക്കപ്പെടുന്ന വെള്ളം കുറഞ്ഞ സമയം കൊണ്ടു തന്നെ കടലിലെത്തുന്ന സാഹചര്യമാണ് നിലവില്‍ ജില്ലയിലുള്ളത്. ഈ സ്ഥിതിവിശേഷത്തെ മറികടക്കാന്‍ പുഴയോരങ്ങളില്‍ കൈവഴികളുണ്ടാക്കി പുതുതായി നിര്‍മ്മിക്കുന്ന ജല സംഭരണികളില്‍ നദീജലം പിടിച്ചു നിര്‍ത്താനാണു പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ജലക്ഷാമം രൂക്ഷമാകാറുള്ള ജില്ലയുടെ ഉത്തരമേഖലയിലെ അഞ്ചു നദികളിലാണു പദ്ധതി ആദ്യം നടപ്പാക്കുന്നത്. ലാറ്ററൈറ്റ് ഭൂപ്രദേശങ്ങള്‍ കൂടുതലുള്ള മഞ്ചേശ്വരം മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമമാണു നേരിടാറുള്ളത്. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിനിര്‍വഹണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ എന്നീ അഞ്ചു നദികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഈ മേഖലയിലൂടെ കടന്നുപോകുന്ന നദികളില്‍ കൃത്രിമമായി കൈവഴികളുണ്ടാക്കും. പുതുതായി നിര്‍മ്മിക്കുന്ന കുളങ്ങള്‍, വലിയ കുഴികള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ജലസംഭരണികളിലേക്കായിരിക്കും കൈവഴി നിര്‍മ്മിക്കുക. ഇതിലൂടെ സമീപ പ്രദേശങ്ങളിലെ ജലനിരപ്പുയര്‍ത്താന്‍ സാധിക്കുമെന്നാണു കരുതുന്നത്.

പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെ ചരിവോടെ ഒഴുകുന്ന ഈ മേഖലയിലെ നദികളില്‍ നിന്നും വളരെ എളുപ്പത്തില്‍ നദീജലം കൈവഴികളിലൂടെ ഒഴുക്കാന്‍ സാധിക്കും. ഓരോ കിലോമീറ്റര്‍ ദൂരത്തില്‍ ഇരുഭാഗങ്ങളിലും കൈവഴികള്‍ നിര്‍മ്മിക്കും. കൈവഴി നിര്‍മ്മിക്കാനായി സ്വകാര്യ സ്ഥലങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഏറ്റെടുക്കും.

ജൂണ്‍ മാസത്തിന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചു വരുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരെകൂടി ഉള്‍പ്പെടുത്തി ഈ മാസം 11ന് കളക്ടറേറ്റില്‍ യോഗം ചേരും. പദ്ധതിക്ക് വേണ്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനി സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി എം അശോക് കുമാര്‍, പടന്നക്കാട് കാര്‍ഷിക കോളേജ് പ്രഫ. ഡോ. ടി കെ ബ്രിഡ്ജിറ്റ്, അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. പി ഗായത്രി കാര്‍ത്തികേയന്‍, ഡോ. പി കെ സജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS