തിരുവനന്തപുരം: മൂന്നാഴ്ചയോളം നീണ്ട തീപാറും പോരാട്ടത്തിന്റെ പരസ്യപ്രചാരണം ഇന്നു സമാപിക്കും. ഇന്നു രാത്രി ഏഴു വരെയാണു പരസ്യപ്രചാരണം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വൈകുന്നേരം ആറിനു പരസ്യപ്രചാരണം അവസാനിപ്പിക്കണം.
കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിക്കലാശം നിരോധിച്ചിട്ടുണ്ട്. റോഡ് ഷോകൾ അടക്കം നടത്തി പരമാവധി വോട്ടർമാരെ നേരിട്ടു കണ്ടു വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ സിനിമാതാരങ്ങളെ അടക്കം പങ്കെടുപ്പിച്ചാണ് ഇന്ന് റോഡ് ഷോ. കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണത്തിനായി ഇന്നു സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്.
പ്രമുഖ നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന റോഡ് ഷോകളിൽ പങ്കെടുക്കും. ബൈക്ക് റാലികൾ ഒഴിവാക്കിയാണ് റോഡ് ഷോകൾ. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ യുഡിഎഫ് നേതാക്കളും സർക്കാരിന്റെ നേട്ടങ്ങൾ എൽഡിഎഫ് നേതാക്കളും വീടുകളിലെത്തി വിശദീകരിക്കും.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പ്രചാരണവിഷയങ്ങളും മാറിമറിയുകയാണ്. ഏറെനാളായി നിറഞ്ഞുനിൽക്കുന്ന വിഷയങ്ങൾക്കൊപ്പം സംസ്ഥാന സർക്കാർ ഏർപ്പെട്ട കരാറുകളും പ്രതിപക്ഷം പ്രചാരണ വിഷയമാക്കുന്നുണ്ട്.