ഭരണയന്ത്രത്തെ ചലിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് മർമപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയൻ

122

തിരുവനന്തപുരം : ഭരണയന്ത്രത്തെ അതിവേഗത്തിൽ ചലിപ്പിക്കുന്നതിൽ മർമപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവർത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ് പ്രളയദുരന്തത്തെ നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഭരണസിരാകേന്ദ്രമായാണ് സെക്രട്ടേറിയറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. അതിന്റെ പ്രവർത്തനം മെച്ചപ്പെട്ടാൽ സംസ്ഥാനത്തെ ഭരണസംവിധാനമാകും മെച്ചപ്പെടുക. സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സമയപരിധിക്കുള്ളിൽ തീർപ്പാക്കുന്നതു സംബന്ധിച്ച് ദർബാർ ഹാളിൽ നടന്ന ഡെപ്യൂട്ടി സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫയൽ മുന്നിലെത്തിയാൽ വച്ചുതാമസിപ്പിക്കുന്നത് വികസനപ്രകിയയെ തടസ്സപ്പെടുത്തുമെന്നും ഒപ്പം ജനങ്ങൾക്ക് ലഭിക്കേണ്ട ആശ്വാസം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് ജീവനക്കാർ പിന്തുടരേണ്ടത.് ഈ കാഴ്ചപ്പാടോടെ വേണം ഏതൊരു ഫയലിനെയും സമീപിക്കാനെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫയലുകളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അവ തീർപ്പാക്കാനാണ് ശ്രമിക്കേണ്ടത്.

നാട്ടിലെ സാധാരണക്കാരന് എന്തു നേട്ടമാണുണ്ടാവുക എന്നത് കണക്കിലെടുത്തുവേണം ഏതു നയപരമായ തീരുമാനവും കൈക്കൊള്ളാൻ. പൊതുവായ വികസനത്തിന് തടസ്സമായി നിൽക്കുന്നത് കാർഷിക, വ്യാവസായികമേഖലയിലെ മുരടിപ്പാണ്. ഇതിന് മാറ്റം വരണമെങ്കിൽ ഈ രംഗത്ത് പശ്ചാത്തലസൗകര്യങ്ങളിൽ വലിയ കുതിപ്പ് ഉണ്ടാകേണ്ടതുണ്ട്. അതിന് സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ കഴിയണം.
ഏറ്റവും വലിയ ശാപമായി പൊതുവെ കണക്കാക്കുന്ന ചുവപ്പുനാടയിൽനിന്ന് വലിയതോതിൽ നമുക്ക് മോചനം നേടാനാവണം. ഈ കാഴ്ചപ്പാടോടെ നമ്മുടെ നാടിന്റെ വികസനപ്രക്രിയയിൽ അണിചേർന്ന് മുന്നോട്ടുപോവേണ്ട ഉത്തരവാദിത്വമാണ് മധ്യനിര ഉദ്യോഗസ്ഥർക്കുള്ളത്.ഫയലുകളിൽ വേഗത്തിൽ, കൃത്യമായ തീരുമാനമെടുക്കുന്ന സംസ്‌കാരത്തിലേക്ക് എത്തിച്ചേരാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വറി ഇട്ട് ഫയലുകൾ താമസിപ്പിക്കുന്നതിനു പകരം ചർച്ചയിലൂടെ തീരുമാനമെടുക്കാൻ കഴിയണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചർച്ച നടത്തിയാൽ ഫയൽനീക്കം എളുപ്പമാകും. ഫയലുകൾ കുന്നുകൂടേണ്ട അവസ്ഥയുണ്ടാകില്ല. സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പോരായ്മ ഇത്തരം സംസ്‌കാരം വികസിപ്പിച്ചെടുക്കുന്നതിൽ വന്നിട്ടുള്ള പോരായ്മയാണ്. ഇതിനു മാറ്റം വരണമെന്നും സമീപനത്തിലും ഇടപെടലിലും ആവശ്യമായ മാറ്റമുണ്ടാവുകയാണ് ഇതിനു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്യക്ഷമവും പ്രാപ്തിയുള്ളതുമായ സിവിൽ സർവീസ് ഉണ്ടാവണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ പ്രതീക്ഷിച്ച തലത്തിലുള്ള സംഭാവനകൾ ഉണ്ടാകാത്തതിൽ ജീവനക്കാർ സ്വയംപരിശോധന നടത്തണം. പൊതുജനങ്ങളുടെ സന്ദർശനസമയത്ത് ഉദ്യോഗസ്ഥർ പരമാവധി സീറ്റിലുണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതൽ ഫയലുകളും മലയാളത്തിൽ കൈകാര്യം ചെയ്യാനാവണം. ജോലിസമയത്ത് മൊബൈൽ വിനോദോപാധിയായി മാറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല. ജോലി ചെയ്യാതെ മാറിനിൽക്കുന്നവരെ മനസ്സിലാക്കി ഇടപെടൽ നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളാണ് പരമാധികാരികൾ. അത്തരത്തിലാണ് സംവിധാനം രൂപപ്പെടേണ്ടത്.

നമ്മുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയിൽതന്നെ ഇ-ഫയലുകൾ വലിയതോതിൽ ഇ.ഓഫീസ് വഴി കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണെന്നതാണ്. ഇതിലെ അപാകതകൾ പരിഹരിക്കാനാവുമോയെന്ന് സർക്കാർ പരിശോധിക്കും.
ജീവനക്കാരുടെ കാര്യക്ഷമതാവർധന സർക്കാർ ഏറ്റവും പ്രധാനമായി കാണുന്നു. ഇതിനാവശ്യമായ പരിശീലനവും ശേഷീവർധനയും ഐഎംജി വഴി നടപ്പാക്കും. മൂന്നുമാസത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യത്തിൽ നല്ല രീതിയിൽ തീർപ്പുണ്ടാക്കാനാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുകയാണ് പരമപ്രധാനമെന്നും അത് നടപ്പാകാതെ വരുമ്പോൾ സദ്ഭരണം നഷ്ടമാകുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS